ഇന്ത്യന്‍ ചലച്ചിത്രമേളകളില്‍ വെച്ച് ദക്ഷിണേന്ത്യന്‍ അഭിനേതാക്കള്‍ അവഹേളിക്കപ്പെട്ടിരുന്നുവെന്ന് നടന്‍ ചിരഞ്ജീവി. തനിക്ക് നേരിട്ട ദുരനുഭവവും അദ്ദേഹംപങ്കുവെച്ചു. ആഹ സൗത്തുമായി നടത്തിയ ചാറ്റ് ഷോയിലാണ് ചിരഞ്ജീവി ചലച്ചിത്രമേഖല കുത്തകയാക്കി വെച്ചിരുന്ന ‘നോര്‍ത്തിന്ത്യന്‍ സ്നേഹം’ വെളിപ്പെടുത്തിയത്. ഗോവയിലെ ഒരു ഫിലിം ഫെസ്റ്റിവലില്‍ വെച്ച് ദക്ഷിണേന്ത്യന്‍ നടന്‍ എന്ന നിലയില്‍ തനിക്കു ലഭിച്ച അവഹേളനമോര്‍ക്കുമ്പോള്‍ ഇന്നത്തെ ദക്ഷിണേന്ത്യന്‍ സിനിമാമേഖല എത്രയോ മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു.
‘തൊണ്ണൂറുകളില്‍ ഇന്ത്യന്‍ സിനിമയെന്ന് പറഞ്ഞാല്‍ തന്നെ ബോളിവുഡ് സിനിമയായിരുന്നു. ഒരു ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാന്‍ ഗോവയിലെത്തിയ ഞാന്‍ മധ്യാഹ്നത്തില്‍ ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ എനിക്കു ചുറ്റും പതിച്ച പോസ്റ്ററുകളില്‍ പ്രശസ്തരായ ബോളിവുഡ് അഭിനേതാക്കളുടെ പടങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
രാജ്കുമാര്‍, എം.ജി.ആര്‍ പിന്നെ രണ്ട് നടന്മാരുടെ പടങ്ങളും മാത്രമേ തെന്നിന്ത്യന്‍ അഭിനേതാക്കളുടേതായിട്ടുണ്ടായിരുന്നുള്ളൂ. ശിവാജി ഗണേശനും എ.എന്‍.ആറും എന്‍.ടി.ആറും എവിടെയെന്ന് ഞാന്‍ നിരാശയോടെ ചിന്തിച്ചു.’- ചിരഞ്ജിവി പറയുന്നു.
ദക്ഷിണേന്ത്യന്‍ സിനിമാമേഖലയെ അന്ന് സംഘാടകര്‍ അത്ര ഗൗരവമായി പരിഗണിച്ചിരുന്നില്ലെന്നും അതിനുള്ള പ്രതികാരമായിട്ടാണ് കുറച്ച് ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചതെന്നും ചിരഞ്ജീവി കൂട്ടിച്ചേര്‍ത്തു. ‘ദക്ഷിണേന്ത്യന്‍ സിനിമാമേഖലയ്ക്ക് അതിന്റേതായ കാര്യക്ഷമതയുണ്ട്. പക്ഷേ സംഘാടകര്‍ അത് പരിഗണിച്ചതേയില്ല. അവരെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ സിനിമ എന്നാല്‍ ബോളിവുഡ് മാത്രമായിരുന്നു.
അന്നെനിക്ക് അപമാനവും ക്ഷോഭവും ഒന്നുപോലെ അനുഭവപ്പെട്ടു. ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തീരുമാനിക്കുന്നത് ഈ പ്രതികാരത്തോടെയാണ്. പക്ഷേ ഇന്ന് ലോകം മുഴുവന്‍ നമ്മെ ഉറ്റുനോക്കുന്നു. എസ്.എസ് രാജമൗലി, പ്രശാന്ത് നീല്‍, സുകുമാര്‍, ഋഷഭ് ഷെട്ടി, അറ്റ്ലീ, ലോകേഷ് കനകരാജ് തുടങ്ങിയ സംവിധായകരോട് ഇക്കാര്യത്തില്‍ നന്ദിയുണ്ട്.’ ചിരഞ്ജീവി വ്യക്തമാക്കി.
Discussion about this post