വിവാദ ഇസ്ലാമിക മതപ്രഭാഷകനായ സാക്കിര്‍ നായിക്കിന്റെ എക്സ് അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തി ഇന്ത്യ. സാക്കിര്‍ നായിക്കിനെ പാകിസ്താന്‍ ആദരിച്ചതില്‍ ഇന്ത്യ അപലപിച്ചതിന് പിന്നാലെയാണ് ഈ നീക്കം.
സാക്കിര്‍ നായിക്കിനെ പാക്കിസ്ഥാനിലേക്ക് ക്ഷണിച്ചതായും അവിടെ ഊഷ്മളമായ സ്വീകരണം നല്‍കിയതായുമുള്ള റിപ്പോര്‍ട്ടുകള്‍ നാം കണ്ടു. ഇന്ത്യയില്‍ നിന്ന് പലായനം ചെയ്ത ഒരു പ്രതിക്ക് പാകിസ്താനില്‍ ഉയര്‍ന്ന തലത്തിലുള്ള സ്വീകരണം ലഭിച്ചതില്‍ അതിശയമില്ല. ഇത് നിരാശാജനകവും അപലപനീയവുമാണ്. വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
സാക്കിര്‍ നായിക്കിന്റെ പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചോദ്യത്തിന് പാകിസ്താനിലേക്ക് യാത്ര ചെയ്തത് ഏത് പാസ്പോര്‍ട്ട് ഉപയോഗിച്ചാണെന്ന് അറിയില്ലെന്നായിരുന്നു ജയ്സ്വാളിന്റെ മറുപടി.
കള്ളപ്പണം വെളുപ്പിക്കല്‍, വിദ്വേഷ പ്രസംഗങ്ങളിലൂടെ തീവ്രവാദം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിരവധി കേസുകളില്‍ ഇന്ത്യ തിരയുന്ന പ്രതിയാണ് സാക്കിര്‍ നായിക്ക്. 2016 ജൂലായിലുണ്ടായ ധാക്ക ഭീകരാക്രമണത്തെ തുടര്‍ന്നാണ് നടപടി ആരംഭിച്ചത്. സംഭവത്തില്‍ കുറ്റവാളികളായവരില്‍ ഒരാള്‍ സാക്കിര്‍ നായികിന്റെ യൂട്യൂബ് ചാനലിലെ പ്രഭാഷണങ്ങള്‍ സ്വാധീനിച്ചതായി സമ്മതിച്ചിരുന്നു.
2016 മുതല്‍, ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി കേസെടുത്തതിന് ശേഷം സാക്കിര്‍ നായിക് മലേഷ്യയിലാണ് താമസിക്കുന്നത്.സാക്കിര്‍ നായിക്കിനെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും മലേഷ്യ ഇതുവരെ വഴങ്ങിയിട്ടില്ല.
Discussion about this post