ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ ഭീകരരെ വധിച്ച് സുരക്ഷാ സേന. കുപ്വാര ജില്ലയിലാണ് സംഭവം. രണ്ട് ഭീകരരെയാണ് ഏറ്റുമുട്ടലിൽ വധിച്ചത്. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് സുരക്ഷാ സേന അറിയിച്ചു.
ഗുഗൽദർ പ്രദേശത്ത് ആയിരുന്നു സംഭവം. അതിർത്തി വഴി ഭീകരർ കശ്മീരിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിക്കുകയായിരുന്നു. ചിനാർ കോപ്‌സ് സംഭവ സമയം പ്രദേശത്ത് പെട്രോളിംഗ് നടത്തുകയായിരുന്നു. ഇതിനിടെ അതിർത്തിയിൽ സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ടു. ഇതോടെ ഇത് ചെറുക്കുകയായിരുന്നു.
പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതോടെ സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. ഇതിലാണ് ഭീകരരെ വധിച്ചത്. കശ്മീർ പോലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം ആയിരുന്നു ഭീകരരെ നേരിട്ടത്.
രാത്രി അതിർത്തി വഴി നുഴഞ്ഞു കയറ്റത്തിന് സാദ്ധ്യതയുള്ളതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു സൈന്യം സ്ഥലത്ത് പട്രോളിംഗിനായി എത്തിയത്.











