മലപ്പുറം: പി.വി. അന്‍വര്‍ എം.എല്‍.എ. ഡി.എം.കെയിലേക്കെന്ന് സൂചന. ചെന്നൈയിലെത്തി അന്‍വര്‍, ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. സെന്തില്‍ ബാലാജിയടക്കമുള്ള നേതാക്കളുമായാണ് അന്‍വര്‍ ചര്‍ച്ച നടത്തിയതെന്നാണ് വിവരം.
ശനിയാഴ്ച പുലര്‍ച്ചെയാണ് പി.വി. അന്‍വര്‍ മഞ്ചേരിയിലെ വസതിയില്‍ നിന്ന് ചെന്നൈയിലേക്ക് പോയത്. പുതിയ പാര്‍ട്ടി രൂപീകരിച്ച് ഡി.എം.കെയുമായി സഹകരിച്ച് ഇന്ത്യമുന്നണിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയെന്ന നയം അന്‍വര്‍ സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഞായറാഴ്ച വൈകിട്ട് വിളിച്ചുചേര്‍ത്തിരിക്കുന്ന പൊതുയോഗത്തില്‍ ഇതിനെക്കുറിച്ചുള്ള നിര്‍ണായക പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
സി.പി.എമ്മിനോടും പിണറായി വിജയനോടും അടുത്ത ബന്ധം പുലര്‍ത്തുന്ന എം.കെ. സ്റ്റാലിന്‍ നേതൃത്വം നല്‍കുന്ന ഡി.എം.കെയിലേക്കുള്ള അന്‍വറിന്റെ പ്രവേശനം വലിയ ചര്‍ച്ചയാകുമെന്ന് തീര്‍ച്ചയാണ്. മാത്രമല്ല കേരളത്തില്‍ വേരുറപ്പിക്കാനുള്ള ഡി.എം.കെ. ശ്രമങ്ങള്‍ക്ക് ഇത് വലിയ കരുത്തുപകരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിയമസഭയില്‍ പി വി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം കഴിഞ്ഞ ദിവസം പ്രതിപക്ഷ നിരയിലേക്ക് മാറ്റിയിരുന്നു. എഡിജിപി എംആര്‍ അജിത് കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയും പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ സര്‍ക്കാരിനെയും ആഭ്യന്തര വകുപ്പിനെയും പാര്‍ട്ടിയെയും പ്രതിരോധത്തിലാക്കി. വീണ്ടും മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് അന്‍വര്‍.
അതേസമയം, പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ നിയമപരമായി തടസ്സമാകുമെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്നു പി.വി.അന്‍വര്‍ പറഞ്ഞിരുന്നു. 6ന് മഞ്ചേരിയില്‍ നടക്കുന്ന റാലിയില്‍ പാര്‍ട്ടിയുടെ പേരും നയരേഖയും പ്രഖ്യാപിക്കും. ജനങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമായിരിക്കും നയരേഖയ്ക്ക് അന്തിമ രൂപം നല്‍കുകയെന്ന് അന്‍വര്‍ പറഞ്ഞു.
Discussion about this post