തൃശ്ശൂർ : തൃശ്ശൂർ ജില്ലയിൽ ഗുരുവായൂരിന് സമീപം വൻ ലഹരി വേട്ട. കാറിൽ കടത്താൻ ശ്രമിക്കുകയായിരുന്ന ലഹരി വസ്തുക്കൾ പിടികൂടി. എക്സൈസ് ഇന്റലിജൻസ്, കമ്മീഷണർ സ്ക്വാഡ്, ചാവക്കാട് എക്സൈസ് റേഞ്ച് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻതോതിൽ ഉള്ള ലഹരിവസ്തുക്കൾ പിടികൂടിയത്.
ഗുരുവായൂരിന് സമീപം കോട്ടപ്പടിയിൽ നിന്നുമാണ് കാറിൽ കടത്തുകയായിരുന്ന ലഹരി ശേഖരം പിടികൂടിയത്. 20 കിലോ കഞ്ചാവും രണ്ട് കിലോ ഹാഷിഷ് ഓയിലും ആണ് കടത്താൻ ശ്രമിച്ചിരുന്നത്. സംഭവത്തിൽ ചാവക്കാട് സ്വദേശി ഷാഫി, മൂന്നെനി സ്വദേശി അക്ബർ, അണ്ടത്തോട് സ്വദേശി നിയാസ്, പാലയൂർ സ്വദേശി അബ്ദുൽ റഹ്മാൻ എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു.
വൻതോതിൽ ഉള്ള ലഹരി കടത്ത് നടക്കുന്നതുമായി ബന്ധപ്പെട്ട് എക്സൈസ് ഇന്റലിജൻസ് നടത്തിയ രഹസ്യ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാൻ സാധിച്ചത്. കുന്നംകുളത്തു നിന്നും ചാവക്കാട് പോകുന്ന റോഡിൽ വച്ച് യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ പോലീസ് തടയുകയും പരിശോധന നടത്തുകയും ആയിരുന്നു. തുടർന്ന് വാഹനത്തിൽ നിന്നും 20 കിലോ കഞ്ചാവും രണ്ട് കിലോ ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.
Discussion about this post