ലക്‌നൗ: ഉത്തർപ്രദേശിലെ ഗ്രാമവാസികളുടെ മാസങ്ങൾ നീണ്ടു നിന്ന ഭീതിക്ക് ഒടുവിൽ അവസാനമായി. മനുഷ്യരുടെയും കന്നുകാലികളുടെയും ജീവന് ഭീഷണിയായിരുന്ന ആറാമത്തെ ചെന്നായയെയും ഗ്രാമവാസികൾ ചേർന്ന് കൊന്നു. അവസാനത്തെ ചെന്നായയെ കൂടി കൊന്നതോടെ ആറംഗ ചെന്നായക്കൂട്ടം സൃഷ്ടിച്ച മാസങ്ങൾ നീണ്ട ഭീകരവാഴ്ച്ചയാണ് അവസാനിച്ചത്. ഒരു ആടിനെ വേട്ടയാടുന്നതിനിടെയാണ് നാട്ടുകാർ ചെന്നായയെ അടിച്ചുകൊന്നത്.
മാസങ്ങളായി പ്രദേശത്തുടനീളം ഭീതി പരത്തിക്കൊണ്ട് ചെന്നായ്ക്കൾ ഗ്രാമവാസികളെയും കന്നുകാലികളെയും ആക്രമിക്കുകയായിരുന്നു. വനംവകുപ്പിന്റെ നിരന്തര ശ്രമങ്ങൾക്കിടയിലും കഴിഞ്ഞ 24 ദിവസത്തിലേറെയായി ആറാമത്തെ ചെന്നായയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. സെപ്റ്റംബർ 10നാണ് വനംവകുപ്പ് അഞ്ചാമത്തെ ചെന്നായയെ പിടികൂടിയത്.
ശനിയാഴ്ച രാത്രിയോടെയാണ് ചെന്നായയെ കുറിച്ച് വിവരം ലഭിച്ചതെന്ന് ബഹ്‌റൈച്ചിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അജിത്ത് സിംഗ് പറഞ്ഞു. സ്ഥലത്തെത്തിയപ്പോഴേക്കും ആടും ചെന്നായയും ചത്തിരുന്നു. അഞ്ചാമത്തെ ചെന്നായയെ കൊന്നതിന് ശേഷം പ്രദേശത്ത് അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. അതിനാൽ തന്നെ ഇത് നരഭോജി ചെന്നായ ആണെന്ന് സ്ഥിരീകരിക്കാനാവില്ല. എന്നാൽ, മേഖലയിൽ ഭീതി വിതച്ച ചെന്നായക്കൂട്ടത്തിൽ ഉൾപ്പെട്ടത് തന്നെയാണ് ഇതെന്നാണ് കരുതുന്നതെന്നും ഡിഎഫ്ഒ കൂട്ടിച്ചേർത്തു.
Discussion about this post