അബുദാബി : ദുബായിൽ നടക്കുന്ന വനിതകളുടെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തിളക്കം. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 6 വിക്കറ്റുകൾക്കാണ് ഇന്ന് ഇന്ത്യ വിജയക്കൊടി പാറിച്ചത്. വാശിയേറിയ മത്സരത്തിൽ പാകിസ്താനെയാണ് ഇന്ത്യൻ പെൺപുലികൾ തകർത്തെറിഞ്ഞത്.
മികച്ച ബൗളിംഗ് പ്രകടനമായിരുന്നു ഇന്ത്യൻ ടീമിനെ വിജയത്തിലേക്ക് എത്തിച്ചത്. പാകിസ്താനെ 105 എന്ന ചെറിയ സ്കോറിന് ഒതുക്കാൻ കഴിഞ്ഞത് ഇന്ത്യയ്ക്ക് നേട്ടമായി. തുടർന്ന് 18.5 ഓവറിൽ ഇന്ത്യ ലക്ഷ്യം മറികടക്കുകയായിരുന്നു. അരുന്ധതി റെഡ്ഡി മൂന്നു വിക്കറ്റും ശ്രേയങ്ക പാട്ടീൽ രണ്ട് വിക്കറ്റും നേടിക്കൊണ്ട് ഇന്ത്യൻ ടീമിന് മികച്ച തുടക്കം തന്നെയാണ് നൽകിയത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനോട് പരാജയപ്പെട്ടതിനു ശേഷം ഇന്ത്യയ്ക്ക് ഏറെ നിർണായകം ആയിരുന്നു ഇന്ന് പാകിസ്താനുമായി നടന്ന മത്സരം.
ഇന്നത്തെ ജയത്തോടെ ഇന്ത്യൻ ടീമിന്റെ സെമി സാധ്യത കൂടുതൽ ഉയരുകയാണ്. മലയാളി താരങ്ങളായ ആശാ ശോഭനയും സജന സജീവനും ഒരുമിച്ച് പ്ലേയിംഗ് ഇലവനിൽ ഉൾപ്പെട്ടിരുന്നു എന്ന പ്രത്യേകതയും ഇന്ന് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനുണ്ടായിരുന്നു. ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ച അവസാന റൺ നേടിയതും സജന സജീവൻ ആയിരുന്നു. ഷഫാലി വർമ്മയും ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറും ജമീമ റോഡ്രിഗസുമാണ് ഇന്നത്തെ മത്സരത്തിന്റെ ഗതി മാറ്റിയത്.
Discussion about this post