ന്യൂഡൽഹി : പോക്സോ കേസിൽ പ്രതിയായ നൃത്തസംവിധായകൻ ജാനി മാസ്റ്റർക്ക് വീണ്ടും തിരിച്ചടി. ജാനി മാസ്റ്റർക്ക് പ്രഖ്യാപിച്ചിരുന്ന ഈ വർഷത്തെ മികച്ച നൃത്ത സംവിധായകനുള്ള ദേശീയ അവാർഡ് കേന്ദ്ര സർക്കാർ റദ്ദാക്കി. ദേശീയ പുരസ്കാരം ഏറ്റുവാങ്ങുന്നതിനായി ജാനി മാസ്റ്റർ ഇടക്കാല ജാമ്യം തേടിയതിന് തൊട്ടു പിന്നാലെ തന്നെയാണ് കേന്ദ്ര സർക്കാരിന്റെ ഈ നടപടി.
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ജാനി മാസ്റ്റർക്ക് പ്രഖ്യാപിച്ച ദേശീയ പുരസ്കാരം താൽക്കാലികമായി റദ്ദാക്കിയിരിക്കുന്നതായി പ്രഖ്യാപിച്ചത്. തുടർന്ന് ഒക്ടോബർ എട്ടിന് ന്യൂഡൽഹിയിൽ നടക്കുന്ന എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽ പങ്കെടുക്കുന്നതിനായി ജാനി മാസ്റ്റർക്ക് നൽകിയിരുന്ന ക്ഷണവും പിൻവലിച്ചു.
2022ൽ പുറത്തിറങ്ങിയ തിരുച്ചിദ്രമ്പലം എന്ന തമിഴ് ചിത്രത്തിനാണ് ജാനി മാസ്റ്റർക്ക് മികച്ച നൃത്ത സംവിധായകനുള്ള പുരസ്കാരം ലഭിച്ചിരുന്നത്. എന്നാൽ ഏതാനും ആഴ്ചകൾക്ക് മുൻപാണ് ജാനി മാസ്റ്ററുടെ മുൻ അസിസ്റ്റന്റ് ഇദ്ദേഹത്തിനെതിരെ ലൈംഗികാതിക്രമം ആരോപിച്ച് പരാതി നൽകിയിരുന്നത്. കുറ്റകൃത്യം നടന്നിരുന്ന 2020ൽ ഇരയ്ക്ക് പ്രായപൂർത്തി ആയിട്ടില്ലായിരുന്നതിനാൽ പോക്സോ വകുപ്പ് ചുമത്തിയാണ് ജാനി മാസ്റ്റർക്കെതിരെ കേസെടുത്തിട്ടുള്ളത്. സെപ്റ്റംബർ 19ന് ഹൈദരാബാദ് പോലീസ് ഗോവയിൽ വച്ച് ജാനി മാസ്റ്ററെ അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post