സംസ്ഥാനത്ത് അടുത്ത ഒരാഴ്ച ഇടിമിന്നലോടുകൂടിയ ശക്തമായ മഴയെന്ന് കാലാവസ്ഥാവിദഗ്ധര്‍. പലയിടത്തും ഇടിയും മിന്നലും ശക്തമായ മഴയും പെയ്യുന്നുണ്ടെങ്കിലും ഇതൊന്നും തുലാവര്‍ഷത്തിന്റെ (വടക്കുകിഴക്കന്‍ മണ്‍സൂണ്‍) തുടക്കമായിട്ടില്ല. കാലവര്‍ഷത്തില്‍നിന്ന് തുലാവര്‍ഷത്തിലേക്കുള്ള മാറ്റത്തിന്റെ സമയമാണ് ഇപ്പോള്‍ കാണുന്നത്. . അതിന്റെ ഭാഗമാണ് ഇപ്പോള്‍ പെയ്യുന്ന, തുലാവര്‍ഷത്തിന്റെ സ്വഭാവമുള്ള ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴ. ഇനി വരുന്ന ആഴ്ച്ചയില്‍ ഇത് കനക്കുമെന്നാണ് വിദഗ്ധാഭിപ്രായം.
ഞായറാഴ്ച്ച കണ്ണൂര്‍ വിമാനത്താവളത്തിനടുത്ത് ഒരുമണിക്കൂറിനിടെ 92 മി.മീ. മഴയാണു പെയ്തത്. മേഘവിസ്‌ഫോടനത്തിനു സമാനമായ മഴ എന്നാണ് ഇതിനെ വിശേഷിപ്പിച്ചത് മഞ്ചേരിയിലും അതിശക്തമായ മഴയായിരുന്നു.
മലയോരമേഖലകളില്‍ ഒറ്റപ്പെട്ട തീവ്രമഴ പെയ്യാനുള്ള സാധ്യതയും വളരെ കൂടുതലാണ്. മലയോരങ്ങളിലെ വിനോദസഞ്ചാര മേഖലകളിലും പുഴകളിലും പോകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ശനിയാഴ്ച നിലമ്പൂരിനടുത്ത് വഴിക്കടവില്‍ ഒരുമണിക്കൂറിനുള്ളില്‍ 82 മി.മീ. മഴയാണു പെയ്തത്. മുണ്ടേരിയില്‍ 73 മി.മീറ്ററും. പൂക്കോട്ടുംപാടം ചേലോട്ട് അരമണിക്കൂറില്‍ 65 മി.മീ. മഴ പെയ്തു.
ഒക്ടോബര്‍ 15 ആകുമ്പോഴേയ്ക്ക് സാധാരണനിലയില്‍ കാലവര്‍ഷം പൂര്‍ണമായി പിന്‍വാങ്ങും. ഒക്ടോബര്‍ ഇരുപതോടെയാണ് തുലാവര്‍ഷത്തിനു തുടക്കമാകാറുള്ളത്. അതോടെ കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, തെക്കന്‍ കര്‍ണാടക, ആന്ധ്രാതീരങ്ങള്‍ എന്നിവിടങ്ങള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ സീസണ്‍ തുടങ്ങുകയും ചെയ്യാറുണ്ട്.
വരുംദിവസങ്ങളില്‍ തെക്കുകിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിനടുത്തായി ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷകര്‍ പറയുന്നു. അതിന്റെ സ്വഭാവത്തിനനുസരിച്ച് ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യത കാണുന്നുണ്ട്.
Discussion about this post