തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹിന്ദു പത്രത്തിൽ വന്ന മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ മലപ്പുറത്തെ സ്വർണ്ണക്കടത്ത്, ഹവാല ഇടപാടുകളുടെ പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്ന പരാമർശത്തിലാണ് ഗവർണർ വിശദമായ റിപ്പോർട്ട് തേടിയിട്ടുള്ളത്.
ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ട് എത്തി വിശദീകരണം നൽകണം എന്നാണ് ഗവർണർ ആവശ്യപ്പെട്ടിട്ടുള്ളത്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം വിവാദമായ സാഹചര്യത്തിലാണ് ഗവർണറുടെ ഈ സുപ്രധാന നീക്കം. ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് ഡിജിപിയും ചീഫ് സെക്രട്ടറിയും രാജ് ഭവനിൽ എത്തിച്ചേരണമെന്നും ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്.
മലപ്പുറത്തെ സ്വർണ്ണക്കടത്ത്, ഹവാല പണമിടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ മുഖ്യമന്ത്രിക്ക് നേരത്തെ തന്നെ അറിയാമായിരുന്നിട്ടും എന്തുകൊണ്ട് തന്നെ അറിയിച്ചില്ല എന്നുള്ള കാര്യം വ്യക്തമാക്കണം എന്ന് ഗവർണർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ ഇതുവരെ നൽകിയിട്ടില്ല. ഇതോടെയാണ് ഡിജിപിയും ചീഫ് സെക്രട്ടറിയും നേരിട്ട് എത്തി വിശദീകരണം നൽകണമെന്ന് ഗവർണർ ആവശ്യപ്പെട്ടിട്ടുള്ളത്.
Discussion about this post