ബംഗളൂരു : പിറന്നാൾ കേക്കിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് അഞ്ചുവയസ്സുകാരൻ മരിച്ചു. കുട്ടിയുടെ മാതാപിതാക്കളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗളൂരു കെ പി അഗ്രഹാര മേഖലയിലാണ് സംഭവം നടന്നത്. ജന്മദിനം ആഘോഷിക്കാനായി പിതാവ് വാങ്ങിയ കേക്ക് കഴിച്ചാണ് അഞ്ചു വയസ്സുകാരൻ മരിച്ചത്.
ബംഗളൂരു സ്വദേശിയായ അഞ്ചുവയസ്സുകാരൻ ധീരജ് ആണ് മരിച്ചത്. കുട്ടിയുടെ പിതാവ് ബലരാജ്, അമ്മ നാഗലക്ഷ്മി എന്നിവർ കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. ധീരജിന്റെ ജന്മദിനാഘോഷത്തിന് ഓൺലൈൻ വഴി ഓർഡർ ചെയ്ത കേക്കിലൂടെയാണ് കുടുംബത്തിന് ഭക്ഷ്യവിഷബാധയേറ്റത്.
സംഭവദിവസം ബലരാജ് സ്വിഗ്ഗി ഡെലിവറി ആപ്പിലൂടെയാണ് പിറന്നാൾ കേക്ക് ഓർഡർ ചെയ്തിരുന്നത്. കേക്ക് കഴിച്ച ഉടൻ തന്നെ മൂന്നുപേരുടെയും ആരോഗ്യനില വഷളാവുകയായിരുന്നു. അയൽവാസികളാണ് മൂന്നു പേരെയും ആശുപത്രിയിൽ എത്തിച്ചത്. വിശദമായ മെഡിക്കൽ പരിശോധനകൾക്ക് ശേഷം മാത്രമേ ഭക്ഷ്യവിഷബാധയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ എന്നാണ് പോലീസ് അറിയിക്കുന്നത്.
Discussion about this post