സ്പെഷ്യൽ സർവീസ് മെമ്മു ട്രെയിനെ ഏറ്റെടുത്ത് യാത്രക്കാർ . സ്‌പെഷ്യൽ സർവീസായി വന്ന മെമു രണ്ട് ദിവസവും യാത്രക്കാർ നിറഞ്ഞുകവിഞ്ഞ രീതിയിലാണ് ഓടിയത്. സർവീസ് അനുവദിച്ച റെയിൽവേക്കുള്ള ആദരസൂചകമായി ലോക്കോ പൈലറ്റ് ഡിന്നിച്ചൻ ജോസഫിനെ യാത്രക്കാർ ആദരിക്കുകയും ചെയ്തു. ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ച കൊല്ലം –എറണാകുളം അൺ റിസർവ്ഡ് സ്പെഷ്യൽ മെമുവാണ് തിങ്കളാഴ്ച ഓടിത്തുടങ്ങിയത്.
രാവിലെത്തെ യാത്രാദുരിതം മറികടക്കാൻ കോട്ടയം വഴി മെമു ട്രെയിൻ അനുവദിച്ചാൽ യാത്രക്കാർ ഉപകാരവും റെയിൽവേയ്ക്ക് വരുമാനവും ആകുമെന്നായിരുന്നു ജനപ്രതിനിധികളും പാസഞ്ചർ അസോസിയേഷനുകളും പറഞ്ഞിരുന്നത്. ഇതേ് തുടർന്നാണ് സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചത്. എട്ട് കോച്ചുകളുള്ള മെമു 12 കോച്ചുകളായി ഉയർത്തണമെന്നാണ് ഇപ്പോൾ യാത്രക്കാരുടെ ആവശ്യം. കൂടാതെ 40 സർവീസുകളാണ് മെമു ട്രെയിൻ സർവീസ് നടത്തുന്നത്. സ്‌പെഷ്യൽ സർവീസ് എന്നുള്ളത് മാറ്റി സ്ഥിരം സർവീസാക്കി മാറ്റണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.
നിലവിൽ തിങ്കൾ മുതൽ വെള്ളിവരെ ആഴ്ചയിൽ അഞ്ച്ദിവസമാണ് മെമു ട്രെയിൻ ഓടുന്നത്. കേരളത്തിൽ ശനിയാഴ്ചയും പ്രവൃത്തിദിനമായതിനാൽ അന്നും മെമു സർവീസ് വേണമെന്ന ആവശ്യം യാത്രക്കാർ ഉന്നയിച്ചിട്ടുണ്ട്.
രാവിലെ 5.55ന് കൊല്ലം സ്റ്റേഷനിൽനിന്ന് യാത്ര തിരിച്ച് 9.35ന് മെമു എറണാകുളം ജംഗ്ഷനിൽ എത്തിച്ചേരും. തിരികെ 9.50ന് എറണാകുളം സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് പകൽ 1.30ന് കൊല്ലം സ്റ്റേഷനിൽ എത്തും.
Discussion about this post