അഗർത്തല : ത്രിപുരയിൽ ബിഎസ്എഫിന് നേരെ ആക്രമണം നടത്തിയ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരനെ വെടിവെച്ച് കൊലപ്പെടുത്തി. ത്രിപുര സൽപോക്കർ അതിർത്തി പ്രദേശത്താണ് ഏറ്റുമുട്ടൽ ഉണ്ടായത്. ബംഗ്ലാദേശി കള്ളക്കടത്തുകാർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചത് ബിഎസ്എഫ് തടഞ്ഞതോടെയാണ് ജവാൻമാർക്ക് നേരെ ഇവർ മൂർച്ചയേറിയ ആയുധങ്ങളുമായി ആക്രമണം നടത്തിയത്. തുടർന്ന് ബിഎസ്എഫ് ജവാൻമാരും കള്ളക്കടത്തുകാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരൻ കൊല്ലപ്പെടുകയായിരുന്നു.
പതിനഞ്ചോളം പേർ വരുന്ന ബംഗ്ലാദേശി കള്ളക്കടത്തുകാരാണ് സൽപോക്കർ അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചത്. ഈ ശ്രമം ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ ബിഎസ്എഫ് ഉദ്യോഗസ്ഥർ ഇവരെ തടയാൻ ശ്രമിച്ചു. തുടർന്ന് നുഴഞ്ഞുകയറ്റക്കാർ മൂർച്ചയേറിയ ആയുധങ്ങൾ കൊണ്ട് ജവാന്മാർക്ക് നേരെ ആക്രമണം നടത്തിയപ്പോൾ ആണ് ബിഎസ്എഫ് വെടിയുതിർത്തത്.
ബിഎസ്എഫ് വെടിവെപ്പ് ആരംഭിച്ചതോടെ ബംഗ്ലാദേശി സംഘം ചിതറി ഓടുകയും കൂട്ടത്തിലെ ഭൂരിഭാഗം പേരും ബംഗ്ലാദേശ് അതിർത്തി കടക്കുകയും ചെയ്തു. എന്നാൽ കൂട്ടത്തിൽ ഉണ്ടായിരുന്ന മറ്റൊരു ബംഗ്ലാദേശി പൗരൻ ബിഎസ്എഫ് ജവാനെ മൂർച്ചയേറിയ ആയുധം കൊണ്ട് ആക്രമിക്കുകയായിരുന്നു. ഈ സൈനികന്റെ ഇടതു കൈയിൽ വെട്ടേൽക്കുകയും കഴുത്തിൽ ചതവുകൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഈ ആക്രമണത്തിനിടെയാണ് ബിഎസ്എഫ് ഉദ്യോഗസ്ഥർ ആക്രമിയെ വെടിവെച്ച് കൊലപ്പെടുത്തിയത്.
Discussion about this post