ന്യൂഡൽഹി : ഇന്ത്യ ട്രാക്കോമ മുക്ത രാജ്യമായി മാറിയതായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ആഗോളതലത്തിൽ അന്ധതക്കുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ് ട്രാക്കോമ. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകളെ ട്രാക്കോമയിൽ നിന്നും മുക്തരാക്കുന്നതിന് സർക്കാർ പ്രതിബദ്ധതാപൂർവ്വമുള്ള ഇടപെടലുകൾ നടത്തിയതായി
ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വ്യക്തമാക്കി.
ക്ലമീഡിയ ട്രാക്കോമാറ്റിസ് എന്ന ബാക്ടീരിയ സൃഷ്ടിക്കുന്ന അണുബാധ മൂലമുണ്ടാകുന്ന ഗുരുതരമായ നേത്രരോഗമാണ് ട്രാക്കോമ . രോഗബാധിതനായ വ്യക്തിയുടെ കണ്ണിൽ നിന്നോ മൂക്കിൽ നിന്നോ ഉള്ള സ്രവങ്ങളിൽ നിന്നും ഈ സ്രവങ്ങളുമായി സമ്പർക്കം പുലർത്തുന്ന വിരലുകൾ, ഈച്ചകൾ എന്നിവയിലൂടെയും അണുബാധ ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പടരുന്നു. ശുചിത്വ പ്രശ്നങ്ങൾ, ജലത്തിന്റെ അപര്യാപ്തത, കുടുംബങ്ങളിലെ അംഗങ്ങളുടെ ആധിക്യം എന്നിങ്ങനെ ഈ രോഗം പടരുന്നതിന് കാരണമാകുന്ന നിരവധി പ്രശ്നങ്ങളെ കൈകാര്യം ചെയ്താണ് ഇന്ത്യ ഈ സുപ്രധാനമായ നേട്ടം കൈവരിച്ചിരിക്കുന്നത്.
ഈ നേട്ടം സാക്ഷാത്കരിക്കാൻ ഇന്ത്യ ഡബ്ല്യുഎച്ച്ഒയുമായി ചേർന്ന് പ്രവർത്തിച്ചു. ഇത് സാധ്യമാക്കാൻ സഹകരിച്ച സർക്കാരിനെയും ആരോഗ്യ പ്രവർത്തകരെയും അഭിനന്ദിക്കുന്നുവെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. 39 രാജ്യങ്ങളിൽ ട്രാക്കോമ ഒരു പൊതുജനാരോഗ്യ പ്രശ്നമായി ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയുടേത് വലിയ നേട്ടമാണെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. ആഗോളതലത്തിൽ 19 രാജ്യങ്ങൾ മാത്രമാണ് ട്രാക്കോമ മുക്തമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്.
1963-ലാണ് ഇന്ത്യയിലെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ലോകാരോഗ്യ സംഘടനയുടെയും യുണിസെഫിൻ്റെയും പിന്തുണയോടെ ട്രാക്കോമ നിയന്ത്രണ പദ്ധതി ആരംഭിച്ചത്. എന്നാൽ പിന്നീട് പതിറ്റാണ്ടുകൾ എടുത്തിട്ടും ട്രക്കോമയെ പൂർണ്ണമായും നിയന്ത്രണത്തിൽ ആക്കാൻ രാജ്യത്തിന് കഴിഞ്ഞിരുന്നില്ല. 2005-ൽ, ഇന്ത്യയിലെ അന്ധതയുടെ 4% കേസുകളും ട്രാക്കോമ ആയിരുന്നു. എന്നാൽ 2018 ആയപ്പോഴേക്കും ട്രാക്കോമയുടെ വ്യാപനം 0.008% ആയി കുറഞ്ഞു. ഒടുവിൽ സർക്കാരിന്റെ കൃത്യമായ ഇടപെടലുകളോടെ 2024 ൽ ട്രാക്കോമയുടെ ദേശീയതല ഉന്മൂലനം സാധ്യമാക്കിയിരിക്കുകയാണ്.
ഇന്ത്യയുടെ ഈ വിജയത്തിന് കാരണം ഗവൺമെൻ്റിൻ്റെ ശക്തമായ നേതൃത്വവും നേത്രരോഗ വിദഗ്ധരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും പ്രതിബദ്ധതയുമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണം. ട്രാക്കോമയുടെ ഫലപ്രദമായ നിരീക്ഷണം, രോഗനിർണയം, രോഗാവസ്ഥയെ കൈകാര്യം ചെയ്യൽ, ശസ്ത്രക്രിയാ സേവനങ്ങൾ, വെള്ളം, ശുചിത്വം എന്നീ കാര്യങ്ങളിൽ എല്ലാം സർക്കാർതലത്തിൽ നടത്തിയ മികച്ച പ്രവർത്തനങ്ങൾ ആണ് ഇന്ന് ഇന്ത്യയെ പൂർണ്ണമായും ട്രാക്കോമ മുക്തമാക്കി മാറ്റിയിരിക്കുന്നത്.
Discussion about this post