കാസർകോഡ് : ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ഡിവൈഎഫ്ഐ വനിതാ നേതാവ് കൂടുതൽ പേരെ കബളിപ്പിച്ചിരിക്കാം എന്ന് പോലീസിന് സംശയം. ഡിവൈഎഫ്ഐ നേതാവ് സച്ചിതയ്ക്കെതിരെ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്താൻ സാധ്യതയുണ്ട് എന്നാണ് പോലീസ് അറിയിക്കുന്നത്. നിലവിൽ ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതിയാണ് സച്ചിത.
ഡിവൈഎഫ്ഐ മുൻ ജില്ലാ കമ്മിറ്റി അംഗവും അധ്യാപക സംഘടനയായ കെ എസ് ടി എയുടെ ഉപജില്ലാ കമ്മിറ്റി അംഗവും കൂടിയാണ് തട്ടിപ്പ് നടത്തിയ സച്ചിത. കേന്ദ്രസർക്കാർ സ്ഥാപനമായ തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ ജോലി വാഗ്ദാനം ചെയ്താണ് ഇവർ തട്ടിപ്പ് നടത്തിയത്. കുമ്പള കിദൂർ സ്വദേശിയായ നിഷ്മിതാ ഷെട്ടി എന്ന യുവതിയിൽ നിന്നും ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് 15 ലക്ഷം രൂപയാണ് ഡിവൈഎഫ്ഐ നേതാവ് സച്ചിത തട്ടിയെടുത്തത്.
2023 മെയ് 31നും ഓഗസ്റ്റ് 23 നും ഇടയിലായാണ് സച്ചിത നിഷ്മിതയിൽ നിന്നും പണം തട്ടിയെടുത്തത്. ഡിവൈഎഫ്ഐ വനിതാ നേതാവ് എന്ന നിലയിലുള്ള ബന്ധങ്ങൾ വിശ്വസിച്ച് കടം വാങ്ങിയും ആഭരണങ്ങൾ പണയം വെച്ചുമാണ് ഇവർ പണം സംഘടിപ്പിച്ചു നൽകിയിരുന്നത്. ജോലി ലഭിക്കാതിരുന്നതോടെ പണം തിരികെ നൽകണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ലഭിക്കാതിരുന്നതിനെ തുടർന്നാണ് യുവതി പോലീസിൽ പരാതി നൽകിയത്. അതേസമയം, തട്ടിപ്പ് കേസിലെ പ്രതിയായ സച്ചിതയെ 10 ദിവസം മുൻപ് തന്നെ പുറത്താക്കിയതായി കാസർകോഡ് ജില്ലാ ഡിവൈഎഫ്ഐ കമ്മിറ്റി അറിയിച്ചു.
Discussion about this post