തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ വിശദീകരണം ആവശ്യപ്പെട്ടുള്ള കത്തിന് സർക്കാർ മറുപടി നൽകാത്തതിൽ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി എന്തൊക്കെയോ മറച്ചുവയ്ക്കാൻ ശ്രമിക്കുകയാണ്. വിശദീകരണം തേടിയിട്ടും മറുപടി നൽകാത്തത് ചട്ടലംഘനമായി കണക്കാക്കും എന്നും ഗവർണർ അറിയിച്ചു.
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ വിശദീകരണം തേടി ഗവർണർ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചിരുന്നു. എന്നാൽ ഇരുവരും ഹാജരാകാതിരുന്നത് ഭരണഘടന ബാധ്യത നിറവേറ്റാത്തതായി കണക്കാക്കും എന്നാണ് ഗവർണർ അറിയിക്കുന്നത്. ഹിന്ദു പത്രത്തിന് മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിൽ മലപ്പുറത്തെ ദേശ വിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ചുള്ള പരാമർശത്തിലാണ് ഗവർണർ വിശദീകരണം തേടിയിരുന്നത്.
മലപ്പുറം കേന്ദ്രീകരിച്ച് ഹവാല പണം ഇടപാടുകളും സ്വർണ്ണക്കടത്തും നടക്കുകയും ഈ പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യുന്നു എന്നാണ് ഹിന്ദു പത്രത്തിലെ മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നത്. മുഖ്യമന്ത്രി സൂചിപ്പിച്ച ദേശവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് അറിയണമെന്നും ഇക്കാര്യങ്ങൾ രാഷ്ട്രപതിയെ അറിയിക്കാൻ വേണ്ടിയാണ് വിശദീകരണം ആവശ്യപ്പെട്ടത് എന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.
Discussion about this post