ന്യൂഡൽഹി : ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് നന്ദി അറിയിക്കുന്നതിനും സന്തോഷം പങ്കുവയ്ക്കുന്നതിനുമായി മുഖ്യമന്ത്രി നയാബ് സിംഗ് സൈനി ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. ലോക് കല്യാൺ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയിൽ എത്തിയാണ് സൈനി കൂടിക്കാഴ്ച നടത്തിയത്.
ബിജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെപി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടാർ എന്നിവരും പ്രധാനമന്ത്രിയുടെ വസതിയിൽ എത്തിയിരുന്നു. നയാബ് സിംഗ് സൈനി എല്ലാ നേതാക്കൾക്കും നന്ദി അറിയിച്ചു. രാജ്യത്തെ ദരിദ്രർക്കും കർഷകർക്കും സ്ത്രീകൾക്കും യുവാക്കൾക്കും ഒരുപോലെ ഗുണകരമായതും മുന്നേറ്റത്തിനുള്ള അവസരം പ്രദാനം ചെയ്യുന്നതുമായ മോദി സർക്കാരിന്റെ പ്രവർത്തനങ്ങളുടെ പ്രതിഫലനമാണ് ഹരിയാനയിൽ ഉണ്ടായ വിജയമെന്ന് സൈനി വ്യക്തമാക്കി.
പ്രധാനമന്ത്രി മോദിയുടെ പദ്ധതികൾ സമൂഹത്തിലെ എല്ലാ വിഭാഗത്തിനും വേണ്ടിയുള്ളതാണ്. പ്രധാനമന്ത്രി മോദിയോട് ജനങ്ങൾക്കുള്ള സ്നേഹത്തിൻ്റെയും വാത്സല്യത്തിൻ്റെയും ഫലമാണ് ഈ വിജയമെന്നും ഹരിയാന മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഹരിയാനയിലെ ജനങ്ങളോടും ഹരിയാനയിലെ പാർട്ടി പ്രവർത്തകരോടും എന്നും കടപ്പെട്ടിരിക്കുമെന്നും എല്ലാവർക്കും നന്ദി അറിയിക്കുന്നതായും സൈനി അറിയിച്ചു.
Discussion about this post