എറണാകുളം : പൂണിത്തുറ സിപിഎമ്മിലെ കൂട്ടത്തല്ലിൽ അച്ചടക്ക നടപടി സ്വീകരിക്കാൻ ഒരുങ്ങി പാർട്ടി. നടപടി ഉണ്ടാകുമെന്ന് സിപിഎം ജില്ലാ കമ്മറ്റിയാണ് വ്യക്തമാക്കിയത്. പൂണിത്തുറ സിപിഎം ലോക്കൽ കമ്മറ്റി പിരിച്ചുവിടുമെന്നാണ് ജില്ലാ കമ്മിറ്റി അറിയിക്കുന്നത്. ഇതോടൊപ്പം തന്നെ തൃക്കാക്കര ഏരിയ കമ്മറ്റി അംഗം വി.പി. ചന്ദ്രനടക്കം ആറുപേരെ പുറത്താക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട് .
പൂണിത്തുറയിലെ സിപിഎം പ്രവർത്തകരുടെ കൂട്ടത്തല്ലുമായി ബന്ധപ്പെട്ട് രണ്ട് ലോക്കൽ കമ്മറ്റി അംഗങ്ങൾ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ എന്നിവരെയാണ് പുറത്താക്കുക. കൂട്ടത്തല്ലിൽ അറസ്റ്റിലായ ആറ് പ്രതികൾക്കും കൊച്ചിയിലെ എസിജെഎം കോടതി ജാമ്യം നൽകിയിരുന്നു. ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്തതിന്റെ പേരിലാണ് ഏരിയ കമ്മിറ്റി അംഗം വി പി ചന്ദ്രനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
സിപിഎം പ്രവർത്തകരുടെ കൂട്ടത്തല്ല് മൂലം റദ്ദാക്കിയ ലോക്കൽ സമ്മേളനം നടത്തണമോ എന്നത് പിന്നീട് തീരുമാനിക്കുമെന്നാണ് ജില്ലാ കമ്മറ്റി വ്യക്തമാക്കുന്നത്. ഇതോടൊപ്പം തന്നെ മുവാറ്റുപുഴയിൽ വനിതാ നേതാക്കൾക്കെതിരെ അപകീർത്തി പരാമർശം നടത്തിയ ഏരിയ കമ്മറ്റി അംഗം ജയപ്രകാശിന് പാർട്ടി കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.
Discussion about this post