ആലപ്പുഴ: ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ ഓർമയ്ക്കായി മാതാപിതാക്കൾ സ്ഥാപിച്ച ഡോ. വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്ക് നടിന് സമർപ്പിക്കും. ക്ലിനിക്കിലെ പ്രാർത്ഥനാ ഹാളിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം നിർവഹിച്ചു. ഇന്ന് വൈകീട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്ലിനിക് ഉദ്ഘാടനം ചെയ്യും.
മകളുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു നാടിന് വേണ്ടി ഒരു ക്ലിനിക് എന്ന് മാതാപിതാക്കൾ പറയുന്നു. ഈ സ്വപ്‌നമാണ് അവരിന്ന് പൂർത്തിയാക്കിയിരിക്കുന്നത്. വന്ദനയുടെ ഏറ്റവും പ്രിയപ്പെട്ട ഇടമായ ആലപ്പുഴ തൃക്കുന്നപ്പുഴയിൽ തന്നെയാണ് ക്ലിനിക് യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. ഈ ആഗ്രഹം മകൾ എപ്പോഴും തങ്ങളോട് പറയുമായിരുന്നു. ആളുകൾക്ക് വേണ്ടി കുറഞ്ഞ ചിലവിൽ ചികിത്സ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്നും അവർ പറഞ്ഞു.
‘വന്ദനയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു ക്ലിനിക്. അവൾ ജീവിച്ചിരിക്കുമ്പോൾ ഈ ആഗ്രഹം പൂർത്തിയാക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ, അവളുടെ ഓർമയ്ക്കായി ഇത് പൂർത്തീകരിക്കേണ്ടി വരുമെന്ന് കരുതിയില്ല. ഇതൊരു റൂറൽ ഏരിയ ആണ്. വലിയ സിറ്റികളിലൊക്കെ വലിയ ആശുപത്രികൾ ഉണ്ടല്ലോ.. ഇവിടെ അല്ലേ എന്റെയും കൂട്ടുകാരികളുടെയും സേവനം ആവശ്യമുള്ളതെന്ന് അവൾ എപ്പോഴും പറയും. ആ ആഗ്രഹം ഞങ്ങളെക്കൊണ്ട് ആവുന്ന വിധത്തിൽ പൂർത്തീകരിച്ചിരിക്കുകയാണ്. അവളുടെ കൂട്ടുകാരും ഞങ്ങളോടൊപ്പമുണ്ട്’- വന്ദനയുടെ അമ്മ പറഞ്ഞു.
മോളുടെ ഒരു ആഗ്രഹം പൂർത്തീകരിച്ച ചടങ്ങാണ് ഇവിടെ കഴിഞ്ഞതെന്ന് വന്ദനയുടെ പിതാവും പ്രതികരിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇവിടെയെത്താമെന്ന് നേത്തെ ഉറപ്പ് നൽകിയിരുന്നു. അദ്ദേഹത്തിന് സമയക്കുറവ് ഉണ്ടായിരുന്നു. ഇന്ന് അദ്ദേഹത്തിന് ഡൽഹിയിൽ എത്തേണ്ടതായിരുന്നു. എന്നാൽ, മകളോടും തങ്ങളോടുമുള്ള സ്‌നേഹം കൊണ്ടാണ് അദ്ദേഹം ഇവിടെയെത്തി. നാളെ ഇവിടെ മെഡിക്കൽ ക്യാമ്പ് നടത്തും. രണ്ട് ഡോക്ടർമാരുടെ സേവനം എല്ലാ ദിവസവും ക്ലിനിക്കിൽ ഉണ്ടാകും. വന്ദനയുടെ സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവർ ക്ലിനിക്കിൽ സേവനം നൽകാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post