തിരുവനന്തപുരം: പാറശാല സ്വദേശിയായ ഷാരോൺ രാജിനെ വീട്ടിൽ വിളിച്ചു വരുത്തി വിഷം കൊടുത്ത് കൊന്ന കേസിൽ വിചാരണ 15 ന് തുടങ്ങും. പ്രണയത്തിൽ നിന്ന് പിൻമാറാൻ വിസമ്മതിച്ച റേഡിയോളജി വിദ്യാർത്ഥിയും പാറശാല മുരിയൻകര സ്വദേശിയുമായ ഷാരോൺ രാജിനെ 2022 ഒക്ടോബർ14ന് രാവിലെ പത്തരയോടെ ഒന്നാം പ്രതിയും കാമുകിയുമായ ഗ്രീഷ്മ വീട്ടിൽ വിളിച്ചുവരുത്തി കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എ.എം.ബഷീറാണ് കേസ് പരിഗണിക്കുന്നത്.
തട്ടിക്കൊണ്ടുപോകൽ, വിഷം കൊടുത്ത് കൊലപാതകം, തെളിവ് നശിപ്പിക്കൽ, പൊലീസിന് വ്യാജ വിവരങ്ങൾ നൽകി തെറ്റിദ്ധരിപ്പിക്കൽ എന്നീ വകുപ്പുകൾ അനുസരിച്ചാണ് പ്രതികൾക്കെതിരെ കുറ്റപത്രം. നെയ്യാറ്റിൻകര കോടതിയിലാണ് വിചാരണ ആരംഭിക്കുന്നത്. നേരത്തെ അന്വേഷണം തമിഴ്‌നാട്ടിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് പ്രതിഭാഗം അപേക്ഷ നൽകിയെങ്കിലും കോടതി പരിഗണിച്ചിരുന്നില്ല. ഗ്രീഷ്മയടക്കം കേസിലെ എല്ലാ പ്രതികളും നിലവിൽ ജാമ്യത്തിലാണ്
Discussion about this post