മുംബൈ: പ്രമുഖ തെന്നിന്ത്യൻ നടൻ സയാജി ഷിൻഡെ എൻസിപിയിൽ ചേർന്നു. എൻസിപി അജിത് പവാർ പക്ഷത്തോടൊപ്പം അദ്ദേഹം ചേർന്നത്. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സയാജി ഷിൻഡെയുടെ പാർട്ടി പ്രവേശനം എൻസിപിയ്ക്ക് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.
ഇന്നലെ വൈകീട്ടോടെയാണ് അദ്ദേഹം പാർട്ടിയിൽ ചേർന്നത്. അദ്ദേഹത്തെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ, പാർട്ടി വർക്കിംഗ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ, സ്റ്റേറ്റ് യൂണിറ്റ് ചീഫ് സുനിൽ ടട്ട്കരേ എന്നിവർ ചേർന്ന് പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. മുംബൈയിലെ പാർട്ടി ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയിൽ ആയിരുന്നു സയാജി ഷിൻഡെ എൻസിപിയിൽ ചേർന്നത്.
നിരവധി സിനിമകളിൽ രാഷ്ട്രീയക്കാരനായി വേഷമിട്ടിട്ടുണ്ട്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ രാഷ്ട്രീയക്കാരൻ ആകാൻ കഴിഞ്ഞത് ഇപ്പോഴാണെന്ന് സജായി ഷിൻഡെ പറഞ്ഞു. അജിത് പവാറിന്റെ പ്രവർത്തന ശൈലിയാണ് തന്നെ എൻസിപിയിലേക്ക് ആകർഷിച്ചത്. കുറച്ചുകൂടി നന്നായി പ്രവർത്തിക്കണം എങ്കിൽ ഒരു സംവിധാനത്തിന്റെ ഭാഗമാകണം എന്ന് തോന്നി. അതിനാലാണ് പാർട്ടിയിൽ ചേർന്നത് എന്നും സയാജി കൂട്ടിച്ചേർത്തു.
സയാജി ഷിൻഡെ പാർട്ടിയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുമെന്നാണ് കരുതുന്നത് എന്ന് അജിത് പവാർ പറഞ്ഞു. താൻ അധികം സിനിമകൾ കാണുന്ന ആളല്ല. പക്ഷെ സയാജി ഷിൻഡെയുടെ സിനിമകൾ കാണാറുണ്ട്. അദ്ദേഹത്തിനൊപ്പം മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അജിത് പവാർ കൂട്ടിച്ചേർത്തു.
Discussion about this post