മുംബൈ: വ്യോമയാനമേഖലയിൽ കരുത്തരാകാൻ പുതിയപദ്ധതികൾ ആസൂത്രണം ചെയ്ത് എയർ ഇന്ത്യ. മേഖലയിൽ ആധിപത്യം സ്ഥാപിക്കുന്നതിന്റെ ഭാഗമായി 85 പുതിയ എയർ ബസ് ജെറ്റുകളാണ് വിമാനക്കമ്പനി വാങ്ങുന്നത്. 5300 കോടി രൂപ ചെലവാണ് ഇതിവ് പ്രതീക്ഷിക്കുന്നത്. എയർബസ് ജെറ്റുകളുടെ ഓർഡർ നിർമ്മാണ കമ്പനിയ്ക്ക് ഇതിനോടകം തന്നെ നൽകി കഴിഞ്ഞുവെന്നാണ് വിവരം. 75 എ 320 ഫാമിലി ജെറ്റുകളും 10 എ 350 എസ് വിമാനങ്ങളും ഉൾപ്പെടുന്നതാണ് ഓർഡർ.സിറിയം അസന്റ് പുറത്തു വിട്ട ആഗോള എയർലൈൻ ഡാറ്റയിലാണ് എയർ ബസിന് ലഭിച്ച പുതിയ ഓർഡറിന്റെ വിവരങ്ങളുള്ളത്.
എയർ ഇന്ത്യയുടെ ഉടമകളായ ടാറ്റാ ഗ്രൂപ്പിന്റെ മുൻ മേധാവി രത്തൻ ടാറ്റയുടെ നിര്യാണത്തിന് ഏതാനും മണിക്കൂറുകൾ മുമ്പ് ബുധനാഴ്ച രാത്രിയാണ് എയർ ബസിന് ലഭിച്ച ഓർഡറുകളുടെ ഡാറ്റ പുറത്തു വന്നത്. പുതിയ വിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് എയർ ബസുമായി എയർ ഇന്ത്യ ചർച്ചകൾ നടത്തി വരുന്നതായി വിവരങ്ങളുണ്ടായിരുന്നു. എയർ ബസ് ഡീലിന് പുറമെ ബോയിംഗ് കമ്പനിയിൽ നിന്ന് 220 പുതിയ വിമാനങ്ങൾ വാങ്ങുന്നതിനും എയർ ഇന്ത്യക്ക് പദ്ധതിയുണ്ടെന്ന് റിപ്പോർട്ടുകളും ഇതോടൊപ്പം പുറത്തു വന്നിട്ടുണ്ട്.
അതേസമയം 86കാരനായ രത്തൻ ടാറ്റ ബുധനാഴ്ച രാത്രി പതിനൊന്നേമുക്കാലോടെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽവെച്ചാണ് അന്തരിച്ചത്. വലിയ വിടവാങ്ങലാണ് രാജ്യം അദ്ദേഹത്തിന് നൽകിയത്. കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ അന്തിമോപചാരം അർപ്പിച്ച് സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു
Discussion about this post