ചെന്നൈ: ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ തകരാര്‍ നിമിത്തം തിരുച്ചിറപ്പള്ളിയില്‍ വിമാനം തിരിച്ചിറക്കിയ സംഭവത്തില്‍ വിമാനത്തിലെ സാങ്കേതിക തകരാര്‍ എങ്ങനെയുണ്ടായി എന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു. 15 വര്‍ഷത്തോളം പഴക്കമുള്ള വിമാനത്തിനു മുന്‍പ് രണ്ടു തവണ സമാന പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളളതാണ്. സംഭവത്തില്‍ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു. എയര്‍ ഇന്ത്യ വിമാന കമ്പനിയില്‍ നിന്നും ഡിജിസിഎ വിശദീകരണം തേടി. മുതിര്‍ന്ന ഡിജിസിഎ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തും. എയര്‍ ഇന്ത്യയും ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ടര മണിക്കൂറോളം ആകാശത്ത് വട്ടമിട്ടു പറന്നശേഷം എയര്‍ ഇന്ത്യ എക്‌സ്പ്രസ് ട്രിച്ചി-ഷാര്‍ജ വിമാനം രാത്രി 8.15ന് സുരക്ഷിതമായാണ് ലാന്‍ഡ് ചെയ്തത്. ഷാര്‍ജയിലേക്ക് പുറപ്പെട്ട AXB613 വിമാനത്തിനാണ് സാങ്കേതിക തകരാറുണ്ടായത്. 8.20ന് ഷാര്‍ജയില്‍ ഇറങ്ങേണ്ട വിമാനമാണ് 8.15ന് തിരുച്ചിറപ്പള്ളിയില്‍ തിരിച്ചിറക്കിയത്. ഇതിന് അരമണിക്കൂര്‍ മുന്‍പു മാത്രമാണ് വിവരമറിഞ്ഞതെന്ന് യാത്രക്കാര്‍ പറഞ്ഞു. വിമാനത്തിലുള്ള 141 യാത്രക്കാരും സുരക്ഷിതരായിരുന്നു.
വിമാനത്തിലെ ഇന്ധനം കുറയ്ക്കാന്‍ വേണ്ടി രണ്ടര മണിക്കൂര്‍ നേരമാണ് ആകാശത്ത് വിട്ടമിട്ട് പറന്നത്. വിമാനത്താവളത്തില്‍ 20 ആംബുലന്‍സുകളും 18 ഫയര്‍ എഞ്ചിനുകളും സജ്ജമാക്കുകയും വിമാനം ഇടിച്ചിറക്കേണ്ടിവന്നാല്‍ അടിയന്തരസാഹചര്യം നേരിടാന്‍ വേണ്ട എല്ലാ സജ്ജീകരണങ്ങള്‍ ഒരുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് രാത്രി 8.10 ഓടെ വിമാനം റണ്‍വേയിലേക്ക് സുരക്ഷിതമായി ഇറക്കാന്‍ പൈലറ്റിന് കഴിഞ്ഞു.
Discussion about this post