ചെന്നൈ: വിരലിൽ എണ്ണാവുന്ന മലയാള സിനിമകളിൽ മാത്രമേ ശ്രീദേവി അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാളികളുടെ മനസിൽ പ്രത്യേക സ്ഥാനമാണ് ഈ നടിയ്ക്കുള്ളത്. മരിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും ഈ നിടയോടുള്ള സ്‌നേഹവും ആരാധനയും ഇപ്പോഴും തുടരുന്നു. ദേവരാഗം എന്ന സിനിമയും അതിലെ കഥാപാത്രവുമാണ് ശ്രീദേവിയെ മലയാളി സിനിമാ ആരാധകർക്ക് പ്രിയങ്കരിയാക്കിയത്.
2018 ൽ ആയിരുന്നു ശ്രീദേവിയുടെ മരണം. ഇതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളും തുടർന്നു. ശ്രീദേവിയുടേത് സാധാരണ മരണമല്ല കൊലപാതകമാണെന്ന് വരെ ആരോപണം ഉയർന്നു. അവസാനം പരിശോധനകളിൽ മുങ്ങിമരണം ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ജീവിച്ചിരിക്കുമ്പോഴും ശ്രീദേവിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പഞ്ഞമുണ്ടായിരുന്നില്ല. ഇതിൽ പ്രധാനപ്പെട്ടത് ആയിരുന്നു പ്രശസ്ത നടൻ മിഥുൻ ചക്രവർത്തിയുമായുള്ള വിവാഹം. യോഗിത ബാലിയെ വിവാഹം കഴിച്ച സമയത്തായിരുന്നു ശ്രീദേവിയുമായി അദ്ദേഹം പ്രണയത്തിലാകുന്നത് എന്നാണ് പറയപ്പെടുന്നത്. ഇതറിഞ്ഞതിനെ തുടർന്ന് മിഥുന്റെ ഭാര്യ യോഗിത ബാലി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും പറയുന്നുണ്ട്.
1985 ൽ ആയിരുന്നു ഈ സംഭവം. മൂന്ന് വർഷത്തോളം ശ്രീദേവിയും മിഥുൻ ചക്രവർത്തിയും തമ്മിലുള്ള പ്രണയ ബന്ധം തുടർന്നു. പിന്നീട് ഇരുവരും രഹസ്യമായി വിവാഹം ചെയ്യുകയായിരുന്നു. യോഗിതയുമായുള്ള ബന്ധം നിയമപ്രകാരം വേർപെടുത്തിയെന്നായിരുന്നു ശ്രീദേവിയുടെ ധാരണ. എന്നാൽ ഇതിനിടെ ഇവർ തമ്മിലുള്ള ബന്ധം മനസിലാക്കിയ യോഗിത ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. അപ്പോഴാണ് ശ്രീദേവി വാസ്തവം അറിയുന്നത്. തുടർന്ന് മിഥുൻ ചക്രവർത്തിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷമായിരുന്നു നിർമ്മാതാവ് ബോണി കപൂറിനെ ശ്രീദേവി വിവാഹം ചെയ്തത്.
Discussion about this post