അഹേമ്മദാബാദ്: തൊണ്ണൂറുകളിൽ ക്രിക്കറ്റ് കണ്ടവർക്കൊക്കെ വളരെയേറെ പരിചിതമായ ഒരു പേരാണ് അജയ് ജഡേജയുടേത്. ഉദാസീനമായ ഭാവത്തോടെ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിക്കാറുണ്ടായിരുന്ന അജയ് ജഡേജ ഒരു കാലത്ത് മധ്യനിരയിൽ ഇന്ത്യയുടെ അവസാന പ്രതീക്ഷകളിൽ ഒന്നായിരുന്നു. ഇടം കയ്യൻ ബാറ്റ്സ്മാൻ റോബിൻ സിംഗിനോടൊപ്പം പല വിഷമ ഘട്ടങ്ങളിലും ജഡേജ ഇന്ത്യയെ വലിയ നാണക്കേടുകളിൽ നിന്നും രക്ഷിച്ചിട്ടുള്ളത് പലർക്കും ഓർമ്മ കാണും.
ക്രിക്കറ്റിൽ നിന്നും വിരമിച്ച് വർഷങ്ങൾക്ക് ശേഷം തന്റെ ജീവിതത്തിലെ രണ്ടാം അങ്കത്തിനു പാഡ് കെട്ടുകയാണ് ഇപ്പോൾ അജയ് ജഡേജ. എന്നാൽ ക്രിക്കറ്റിൽ നിന്നും വിരമിച്ചതിനു ശേഷമുള്ള തന്റെ രണ്ടാം ഇന്നിങ്സിൽ അദ്ദേഹത്തിന് ലഭിച്ച ജോലി അല്പം അമ്പരപ്പിക്കുന്നതാണ്. ഗുജറാത്തിലെ നാട്ടുരാജ്യമായ ജാംനഗർ എന്നറിയപ്പെടുന്ന നവനഗറിൻ്റെ അടുത്ത ജാം സാഹിബായാണ് മുൻ ക്രിക്കറ്റ് താരം അജയ് ജഡേജയെ തിരഞ്ഞെടുത്തത് . നവനഗർ മഹാരാജ ജാം സാഹിബ് പ്രസ്താവനയിൽ അറിയിച്ചതാണിത്.
പാണ്ഡവർ വനവാസത്തിൽ നിന്ന് വിജയിച്ചതിൻ്റെ അടയാളമാണ് ദസറ ഉത്സവമെന്ന് വിശ്വസിക്കുന്നതായും ഈ ദസറ ദിനത്തിൽ ഒരു വലിയ ധർമ്മസങ്കടം മാറികിട്ടിയതിൽ താൻ സന്തുഷ്ടനാണെന്നും നിലവിലെ ജാം സാഹിബ് ശത്രുസല്യസിംഹ്ജി ദിഗ്വിജയ് സിംഗ്ജി ജഡേജ വെള്ളിയാഴ്ച പുറത്തിറക്കിയ കത്തിൽ പറഞ്ഞു.
“അജയ് ജഡേജ നവനഗറിലെ പുതിയ ജാം സാഹിബ് ആകുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇത് ജാംനഗറിലെ ജനങ്ങൾക്ക് ഒരു അനുഗ്രഹമായിരിക്കും ,” ജാം സാഹിബ് വ്യക്തമാക്കി.
ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മുൻനിര കളിക്കാരിൽ ഒരാളായിരുന്നു അജയ് ജഡേജ, 1992 മുതൽ 2000 വരെ നീണ്ട അദ്ദേഹത്തിൻ്റെ കരിയറിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ പദവി വരെ അദ്ദേഹം വഹിച്ചിട്ടുണ്ട് . എന്നാൽ രണ്ടായിരത്തിൽ അവസാനകാലത്ത് ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചു കുലുക്കിയ ഒത്തുകളി ആരോപണത്തിൽ ഉൾപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തിന് വിലക്ക് വരുകയും ക്രിക്കറ്റ് ജീവിതം പെട്ടെന്ന് അവസാനിക്കുകയും ചെയ്തു.
2003ൽ ഡൽഹി ഹൈക്കോടതി വിലക്ക് നീക്കിയെങ്കിലും ജഡേജ പിന്നീട് ക്രിക്കറ്റിലേക്ക് മടങ്ങിവന്നില്ല. അതിനുശേഷം അദ്ദേഹം വിവിധ ഐപിഎൽ ടീമുകളുടെ ഉപദേശകനായി പ്രവർത്തിക്കുകയും അടുത്തിടെ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പരിശീലനത്തിന് കീഴിൽ അഫ്ഘാനിസ്ഥാൻ വലിയ പുരോഗതി തന്നെ കാഴ്ച വച്ചിരുന്നു.
അജയ് ജഡേജയുടെ രാജകീയ സിംഹാസനത്തിലേക്കുള്ള കയറ്റം വ്യക്തിപരമായ ഒരു നാഴികക്കല്ല് മാത്രമല്ല, അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ രാഷ്ട്രീയ പാരമ്പര്യത്തിൻ്റെ പ്രതിഫലനം കൂടിയാണ്. അദ്ദേഹത്തിൻ്റെ പിതാവ് ദൗലത്‌സിൻജി ജഡേജ ജാംനഗർ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് മൂന്ന് തവണ പാർലമെൻ്റ് അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Discussion about this post