കുറച്ചുകാലം മുന്‍പ് ടിക്ടോക്കില്‍ പ്രചരിച്ച ഒരു ട്രെന്‍ഡിംഗ് വീഡിയോയാണ് ആപ്പിള്‍ വാച്ചില്‍ ഒളിഞ്ഞിരിക്കുന്ന ‘ഹിഡന്‍ ക്യാമറ’, ഡിജിറ്റല്‍ ക്രൗണില്‍ നിന്നും വലിച്ചു പുറത്തെടുക്കുന്ന ക്യാമറയുടെ വിഡിയോ കണ്ട ആളുകളെല്ലാം അത് സത്യമാണെന്നും കരുതിയിട്ടുണ്ടാവാം. എന്നാല്‍ പിന്നീട് ഇത് തട്ടിപ്പാണെന്ന് തെളിഞ്ഞു. ഇപ്പോഴിതാ അതേ തട്ടിപ്പ് വിഡിയോകള്‍ പുതിയ ഭാവത്തില്‍ മറ്റു വിഡിയോ പ്ലാറ്റ്‌ഫോമുകളിലും എത്തിയിരിക്കുകയാണ്.
ഇത്തരം വിദേശ വിഡിയോകള്‍ കണ്ടു പരീക്ഷിക്കാന്‍ ആപ്പിള്‍ വാച്ച് ഓര്‍ഡര്‍ ചെയ്തു പരീക്ഷിക്കുകയും അതു ശരിയാണെന്നു മനസിലാക്കുകയും ചെയ്യുന്നതാണ് പുതിയ തട്ടിപ്പ് വിഡിയോകളുടെ ഉള്ളടക്കം, ഒപ്പം കാഴ്ചക്കാരെ ഓര്‍ഡര്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ലിങ്കുകള്‍ നല്‍കുകയും ചെയ്യും.
സത്യാവസ്ഥ എന്താണെന്നാല്‍ വിഡിയോയില്‍ കാണുന്നതെല്ലാം വ്യാജ ആപ്പിള്‍ വാച്ച് അള്‍ട്രാ മോഡലുകളാണ്. വിഡിയോയില്‍ ശ്രദ്ധിച്ചുനോക്കിയാല്‍ ആപ്പിളിന്റെ വാച്ച് ഒഎസിന് പകരം ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഉപകരണം പ്രവര്‍ത്തിക്കുന്നതെന്ന് മനസിലാകും. വാച്ച് ഓഎസിന്റെ തീമിലുള്ള ഡിസ്‌പ്ലേയില്‍ ഗൂഗിള്‍ പ്ലേസ്റ്റോര്‍ കാണാനാകും.
വാച്ചില്‍ ക്യാമറകള്‍ ചേര്‍ക്കുന്നതിനുള്ള വിവിധ പേറ്റന്റുകള്‍ ആപ്പിളിന് അനുവദിച്ചിട്ടുണ്ട്, എന്നാല്‍ കമ്പനി ഇതുവരെ ഒന്നും നടപ്പിലാക്കിയിട്ടില്ല. അതിനാല്‍ തന്നെ ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകാതിരിക്കാന്‍, ആപ്പിളിന്റെ വെബ്സൈറ്റില്‍ നിന്നോ അറിയപ്പെടുന്ന, അംഗീകൃത റീസെല്ലറില്‍ നിന്നോ നേരിട്ട് ആപ്പിള്‍ വാച്ച് വാങ്ങുകയാണ് ഉചിതം.
Discussion about this post