മുംബൈ: സിനിമാ സെറ്റുകളിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രമുഖ നടി കൊങ്കണ സെൻശർമ്മ. എന്നാൽ ഇവയൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കൊങ്കണ പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു കൊങ്കണയുടെ തുറന്നുപറച്ചിൽ.
നിരവധി ലൈംഗികാതിക്രമങ്ങൾ ആണ് സിനിമാ സെറ്റുകളിൽ സംഭവിച്ചിട്ടുള്ളത്. എന്നാൽ ഇവയൊന്നും റിപ്പോർട്ട് ചെയ്യപ്പെടുകയോ പുറത്തുവരികയോ ചെയ്തിട്ടില്ല. ഇതിനെല്ലാം ദൃക്‌സാക്ഷിയാകുക എന്നത് ഏറെ പ്രയാസകരമാണ്. ഇത്തരത്തിലുള്ള അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നതും കഷ്ടമാണ്. നമ്മുടെ മുൻപിൽ മാന്യരായി നടക്കുന്ന സിനിമ ഇൻഡസ്ട്രിയിലെ പല ആളുകളും പ്രശ്‌നക്കാർ ആണെന്നും കൊങ്കണ കൂട്ടിച്ചേർത്തു.
സിനിമ സെറ്റുകളിൽ സീരിയൽ നടിമാർക്ക് മാത്രമാണ് ബഹുമാനം ലഭിക്കുന്നത്. സീനിയർ നടിയല്ലെങ്കിൽ നിങ്ങളെ ഫർണീച്ചറുകളെ പോലെയാണ് കണക്കാക്കുക. വാർത്തകളിലൂടെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ വായിക്കുമ്പോൾ നിരാശ തോന്നാറാണ് ഉള്ളതെന്നും നടി വ്യക്തമാക്കി.
ബോളിവുഡ് സിനിമയിൽ കടുത്ത ജാതീയ വർഗീയ വേർതിരിവ് ഉണ്ട്. എന്ത് കഴിക്കണം, എവിടെ ഇരിക്കണം തുടങ്ങി ഒരുപാട് കാര്യങ്ങൾ നിശ്ചയിക്കുന്നത് ജാതിയുടെയും വർഗത്തിന്റെയും അടിസ്ഥാനത്തിലാണെന്നും കൊങ്കണ പറഞ്ഞു.











