സിറിയയില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരസംഘടനയുടെ ക്യാംപുകളിലേക്ക് തങ്ങള്‍ ശക്തമായ വ്യോമാക്രമണം നടത്തിയെന്ന് യുഎസ്. വെള്ളിയാഴ്ചയാണ് ആക്രമണം നടത്തിയതെന്ന് വെളിപ്പെടുത്തിയ യുഎസ് എന്നാല്‍ സിറിയയിലെ ഏതു മേഖലയിലാണ് ആക്രമണം നടത്തിയതെന്ന് സംബന്ധിക്കുന്ന വിവരങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല. ഈ മേഖലയില്‍ കാലങ്ങളായി ഐഎസ് നടത്തുന്ന ആക്രമണങ്ങള്‍ തടയുന്നതിനാണ് വ്യോമാക്രമണം നടത്തിയതെന്ന് യുഎസ് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ഇതോടൊപ്പം ഐഎസിനെതിരെ പോരാടുന്ന യുഎസ് പിന്തുണയുള്ള സേനയ്‌ക്കൊപ്പം 900 യുഎസ് സൈനികരെയും കിഴക്കന്‍ സിറിയയില്‍ വിന്യസിച്ചു. ഇറാഖിലും സിറിയയിലും ഐഎസ് സ്ലീപ്പര്‍ സെല്ലുകളുടെ ആക്രമണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് യുഎസ് നടപടി.
‘യുണൈറ്റഡ് സ്റ്റേറ്റ്സിനും അതിന്റെ സഖ്യകക്ഷികള്‍ക്കും സാധാരണക്കാര്‍ക്കും എതിരായി ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാനും സംഘടിപ്പിക്കുവാനും ഉപയോഗിക്കുന്ന ഐഎസ്ഐഎസിന്റെ കാമ്പ്യുകള്‍ ലക്ഷ്യം വച്ച് ഞങ്ങള്‍ വ്യോമാക്രമണ പരമ്പര നടത്തി.’ അമേരിക്കന്‍ സൈനിക വിഭാഗം പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.
സിറിയയിലെ സാധാരണക്കാരെ തങ്ങള്‍ ലക്ഷ്യം വയ്ക്കില്ലെന്നും തങ്ങള്‍ നടത്തിയ വ്യോമാക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. അതേസമയം, സെപ്റ്റംബര്‍ 29 ന് യുഎസ് സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഐസ്ഐസിന്റെ ഉന്നത നേതാക്കള്‍ ഉള്‍പ്പെടെ 37 തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ഐസ്ഐസിലെയും അല്‍ ഖ്വയ്ദ ബന്ധമുള്ള ഹുറാസ് അല്‍-ദിനിന്റെയും തീവ്രവാദ സംഘടനകളിലെ ഉന്നത നേതാക്കളായ തീവ്രവാദികളെയാണ് കൊലപ്പെടുത്തിയതെന്ന് അമേരിക്കന്‍ സൈനിക വിഭാഗം അറിയിച്ചു.
Discussion about this post