എറണാകുളം: സ്വന്തം വീടും മണ്ണും സംരക്ഷിക്കാൻ മരണം വരെ പോരാടാൻ ഒരുങ്ങി മുനമ്പം നിവാസികൾ. എന്തൊക്കെ സംഭവിച്ചാലും വഖഫ് ബോർഡിന് ഒരു തരി മണ്ണ് പോലും വിട്ട് കൊടുക്കില്ലെന്നാണ് ഇവർ പറയുന്നത്. ഭൂമി നഷ്ടമാകാതിരിക്കാൻ എത്ര വലിയ നിയമ പോരാട്ടം വേണമെങ്കിലും നടത്തുമെന്നും ഇവർ പറയുന്നു.
ജനിച്ചു വളർന്നവർ മുതൽ മറ്റ് ജില്ലകളിൽ നിന്നും ഭൂമി വാങ്ങിച്ച് വീട് വച്ച് മൂന്ന് പതിറ്റാണ്ടോളമായി താമസിച്ചുവരുന്നവർ മുനമ്പത്ത് ഉണ്ട്. അങ്ങിനെയിരിക്കെ ഒരു സുപ്രഭാതത്തിൽ വീട് വിട്ട് ഇറങ്ങാൻ പറഞ്ഞാൽ കഴിയില്ലെന്നാണ് ഇവർ വ്യക്തമാക്കുന്നത്. ഭൂമി തങ്ങളുടേത് ആണെന്ന് തെളിയിക്കുന്നതിനുള്ള എല്ലാ രേഖകളും ഇവരുടെ പക്കൽ ഉണ്ട്.
2022ലാണ് വഖഫ് ബോർഡ് മുനമ്പത്ത് 600 ഓളം കുടുംബങ്ങൾ താമസിക്കുന്ന 140 ഏക്കറോളം വരുന്ന ഭൂമിയിൽ അവകാശവാദം ഉന്നയിച്ചത്. കരമടയ്ക്കാനായി വില്ലേജ് ഓഫീസിൽ പോയ നിവാസികളോട് കരമടയ്ക്കാൻ കഴിയില്ലെന്നും ഭൂമി വഖഫ് ബോർഡിന്റേത് ആണെന്നും അറിയിക്കുകയായിരുന്നു. അപ്പോഴാണ് പ്രദേശവാസികളും ഇക്കാര്യം അറിയുന്നത്.
പെട്ടെന്ന് ഇത്തരത്തിൽ ഒരു അവകാശവാദം ഉയർന്ന് വന്നതിന് പിന്നിൽ അജണ്ടയുണ്ടെന്നാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്. ചെറായി ബീച്ചിനോട് ചേർന്ന് കിടക്കുന്ന പ്രദേശത്ത് നിരവധി വികസനങ്ങൾ ആണ് ഇക്കാലയളവിനുള്ളിൽ ഉണ്ടായത്. ഇതിൽ കണ്ണുവെച്ചാണ് വഖഫ് ബോർഡ് രംഗത്ത് എത്തിയിരിക്കുന്നത്. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ചെറായി. ഇവിടെ റിസോർട്ടുകൾ പണിയുകയാകാം അവകാശവാദം ഉന്നയിച്ചതിന് പിന്നിലെ ലക്ഷ്യം എന്നും ഇവർ പറയുന്നു.
Discussion about this post