കുഞ്ഞുങ്ങളെ കണ്ടാല്‍ ഓടി വന്നെടുത്ത് ചുംബിക്കാത്തവര്‍ വിരളമാണ്. എന്നാല്‍ ഈ പ്രവൃത്തി കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് നിങ്ങള്‍ക്ക് അറിയാമോ ? കുഞ്ഞുങ്ങളെ പ്രത്യേകിച്ച് നവജാത ശിശുക്കളെ ചുംബിക്കുമ്പോള്‍ ചില മുന്‍കരുതലുകള്‍ എടുക്കേണ്ടത് പ്രധാനമാണ്. സ്വന്തം കുഞ്ഞാണെങ്കില്‍ പോലും ചുംബനം ദോഷം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കാരണങ്ങള്‍ അറിയാം.
കുഞ്ഞുങ്ങള്‍ക്ക് സാധാരണയായി പ്രതിരോധശേഷി വളരെ കുറവാണ്. അതിനാല്‍ അണുബാധ വളരെ വേഗം അവരിലുണ്ടാകും. ഒരാള്‍ കുഞ്ഞുങ്ങളെ ചുംബിക്കുന്നത് വഴി അണുക്കള്‍ കുഞ്ഞിന്റെ ശരീരത്തില്‍ എത്തുകയും പല രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്‌തേക്കാം. സാധാരണ ഒരാളെ സംബന്ധിച്ച് ജലദോഷം, ചുമ, പനി എന്നിവ എളുപ്പത്തില്‍ സുഖപ്പെടുത്താവുന്ന രോഗങ്ങളാണ്. എന്നാല്‍ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ഇത് മാരകമായേക്കാം.
ഇവരുടെ മുഖത്തോ ചുണ്ടിലോ ചുംബിക്കുന്നത് പനി, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ എന്നിവ പകരാന്‍ കാരണമായേക്കും. നവജാത ശിശുക്കള്‍ക്ക് പൂര്‍ണ്ണമായി വാക്സിനേഷന്‍ നല്‍കാത്തതിനാല്‍ ഗുരുതരമായ അണുബാധകള്‍ പടരാനുള്ള സാധ്യതയും കൂടുതലാണ്.
നിങ്ങളുടെ ചര്‍മ്മത്തില്‍ ഹെര്‍പ്പസ് വൈറസ് ഉണ്ടെങ്കില്‍ ചുംബിക്കുന്നത് വഴി കുഞ്ഞിലേക്ക് പകരാം. ഇത് കുഞ്ഞിന്റെ ചുണ്ടുകളിലും ചുറ്റുമുള്ള ചര്‍മ്മത്തിലും വ്രണങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകും. ഈ അണുബാധ മാറാന്‍ ദിവസങ്ങള്‍ വേണ്ടിവരുന്നു.
ലിപ്സ്റ്റിക്ക്, ലിപ് ബാം എന്നിവ ഉപയോഗിച്ച ശേഷം കുഞ്ഞുങ്ങളെ ചുംബിക്കാന്‍ പാടില്ല. ഇത്തരം ഉല്‍പ്പന്നങ്ങളില്‍ കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ദോഷകരമായ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞിന്റെ മുഖത്ത് ചൊറിച്ചില്‍, ചുണങ്ങ് തുടങ്ങിയ ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ ഇടയാക്കും. അതേസമയം കുഞ്ഞുങ്ങളുടെ കവിളുകളില്‍ ചുംബിക്കുന്നതിന് പകരം കൈകള്‍, കാലുകള്‍, വയര്‍ എന്നീ ഭാഗങ്ങളില്‍ ചുംബിക്കാം.
ആദ്യത്തെ 2 മുതല്‍ 3 മാസത്തിനുള്ളില്‍ കുഞ്ഞിന്റെ പ്രതിരോധശേഷി വളരെ കുറവായിരിക്കും. ഈ സമയത്ത് കുഞ്ഞിനെ നന്നായി പരിപാലിക്കേണ്ടത് പ്രധാനമാണ്. 3 മുതല്‍ 4 മാസത്തിനു ശേഷം നിങ്ങള്‍ക്ക് കുഞ്ഞുങ്ങളെ ചുംബിക്കാം. എന്നാല്‍ കവിളിലോ ചുണ്ടിലോ ചുംബിക്കാന്‍ പാടില്ല. പുറത്ത് പോയി വന്നാല്‍ ശുചിയായതിന് ശേഷം മാത്രം ചുംബിക്കുക.
Discussion about this post