ന്യൂഡൽഹി: ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ 14 കൊടുമുടികൾ കീഴടക്കുന്ന റെക്കോർഡു സ്വന്തമാക്കിയിരിക്കുകയാണ് ഒരു നേപ്പാളുകാരൻ. 18 വയസു മാത്രം പ്രായമുളള ഈ കൊച്ചുമിടുക്കൻ ഏറ്റവും പ്രായം കുറഞ്ഞ പർവതാരോഹകൻ എന്ന ലോക റെക്കോർഡ് ആണ് കൈപ്പിടിയിലൊതുക്കിയിരിക്കുന്നത്. നേപ്പാൾ സ്വദേശി നിമ റിഞ്ചി ഷേർപ്പ ആണ് അഭിമാന നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
16-ാം വയസിൽ തന്റെ പത്താം ക്ലാസ് പഠനം പൂർത്തിയായതിന് പിന്നാലെയാണ് നിമ റിഞ്ചി ഷേർപ്പ പർവതങ്ങൾ കയറാൻ തുടങ്ങിയത്. 740 ദിവസം കൊണ്ട് 8000 മുകളിൽ ഉയരമുള്ള 14 കൊടുമുടികളാണ് കീഴടക്കിയത്. ബുധനാഴ്ച രാവിലെ ടിബറ്റിൻറെ 8,027 മീറ്റർ (26,335 അടി) ഉയരമുള്ള ഷിഷാ പംഗ്മയുടെ കൊടുമുടിയും ഈ പിതിനെട്ടുകാരൻ കീഴടക്കി. ലോകത്തിലെ എട്ടാമത്തേതും ഏറ്റവും ഉയരം കൂടിയതുമായ നേപ്പാളിലെ മനസ്ലുവിൻറെ കൊടുമുടിയാണ് നിമ റിഞ്ചി ആദ്യമായി കീഴടക്കുന്നത്.
നേരത്തേ നേപ്പാളിയിലെ മിംഗ്മ ഗ്യാബു ‘ഡേവിഡ്’ ഷെർപ്പ എന്ന മറ്റൊരു പർവതാരോഹകന്റെ പേരിലായിരുന്നു ഈ റെക്കോർഡ്. തൻറെ 30-ാം വയസ്സിൽ 2019ലാണ് അദ്ദേഹം ഈ റെക്കോർഡ് സ്വന്തമാക്കിയത്. ഈ റെക്കോർഡ് ആണ് ഇപ്പോൾ നിമ റിഞ്ചി ഷേർപ്പ തകർത്തിരിക്കുന്നത്.
തന്റെ മകൻ കഠിനാധ്വാനം ചെയ്തിരുന്നുവെന്നും കടുത്ത പരിലീലനം നടത്തിയിരുന്നുവെന്നും നിമ റിഞ്ചി ഷേർപ്പയുടെ പിതാവ് താഷി ഷെർപ്പ പറഞ്ഞു. അവനത് സാധിക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പർവതാരോഹകരുടെ സഹായികളെന്ന ഷെർപ്പകളെക്കുറിച്ചുള്ള സ്ഥിരം ചിന്താഗതി മാറ്റുകയെന്ന ജീവിതാഭിലാഷം കൂടിയായിരുന്നു നിമ റിഞ്ചിയുടെ ഈ നേട്ടത്തിന് പിന്നിൽ.
തൻറെ നേട്ടം വ്യക്തിപരമല്ല, പരമ്പരാഗത അതിരുകൾക്കപ്പുറത്ത് സ്വപ്നം കാണാൻ ധൈര്യപ്പെട്ട ഓരോ ഷെർപ്പയ്ക്കമുള്ള ആദരാഞ്ജലിയാണെന്നും നിമ റിഞ്ചി പറഞ്ഞു. നേപ്പാളിലെ ഏറ്റവും വലിയ പർവതാരോഹണ പര്യവേഷണ കമ്പനിയായ സെവൻ സമ്മിറ്റ് ട്രെക്കുകൾ നടത്തുന്ന പർവതാരോഹകരുടെ കുടുംബത്തിൽ നിന്നാണ് നിമ റിഞ്ചി വരുന്നത്. നിമ റിഞ്ചിയുടെ നേട്ടം നമ്മുടെ രാജ്യത്തിന് അഭിമാന നിമിഷമാണെന്ന് നേപ്പാൾ മൗണ്ടനിയറിംഗ് അസോസിയേഷൻ പ്രസിഡൻറ് നിമ നൂറു ഷെർപ്പ പ്രതികരിച്ചത്.
Discussion about this post