തിരുവനന്തപുരം: മഹാനവമി ദിനത്തിൽ ഒരു ദിവസം മാത്രമുള്ള പെൺകുഞ്ഞ്. മഹാനവമി ദിനത്തിൽ എത്തിയ പൊന്നോമനയ്ക്ക് അധികൃതർ നവമിയെന്ന് പേരിട്ടു. ഈ ആഴ്ച തന്നെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലേക്ക് എത്തുന്ന രണ്ടാമത്തെ പെൺകുഞ്ഞാണ് നവമി. കഴിഞ്ഞ തിങ്കളാഴ്ച്ചയും അമ്മതൊട്ടിലിൽ ഒരു പെൺകുഞ്ഞിനെ ലഭിച്ചിരുന്നു.
സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിന്റെ സാന്ത്വനത്തിലേക്കാണ് പെൺകുഞ്ഞ് എത്തിയത്. ശനിയാഴ്ച രാത്രി 10 മണിയ്ക്കാണ് കുഞ്ഞെത്തിയത്. അറിവിന്റെയും വിദ്യയുടെയും ഉത്സവ നാളായ മഹാനവമി ദിനത്തിൽ ലഭിച്ച കുഞ്ഞായതിനാൽ, നവമി എന്ന പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി അറിയിച്ചു. തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 609-ാ മത്തെ കുഞ്ഞാണ് നവമി.
വിദഗ്ധ ആരോഗ്യ പരിശോധനകൾക്കായി കുട്ടിയെ തൈക്കാട് കുട്ടികളുടേയും സ്ത്രീകളുടേയും ആശുപത്രിയിൽ എത്തിച്ചു. പരിശോധനകൾക്ക് ശേഷം കുഞ്ഞിനെ എസ്എടി ആശുപത്രിയിലേക്ക് മാറ്റി. ഈ വർഷം ഇതുവരെയായി തിരുവനന്തപുരം അമ്മത്തൊട്ടിൽ വഴി ലഭിക്കുന്ന 15 മത്തെ കുട്ടിയാണ് നവമി. കുട്ടിയുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ സമിതി അധികൃതരുമായി അടിയന്തരമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി അറിയിച്ചു.
Discussion about this post