മുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം നടത്തിയ ഒരു സീസണിന് ശേഷം ടീമിൽ വലിയ അഴിച്ചു പണിക്ക് ഒരുങ്ങുകയാണ് മുംബൈ ഇന്ത്യൻസ്. 2025ലെ ഐപിഎല്ലിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് ടീമിന് പുതിയ ഹെഡ് കോച്ച് എത്തുകയാണ്. ടീമിന്റെ മുൻ ഇതിഹാസ കോച്ച് ആയിരുന്ന ശ്രീലങ്കൻ മുൻ ക്യാപ്റ്റൻ മഹേല ജയവർദ്ധനെയെ വീണ്ടും ടീമിനെ നയിക്കാനായി എത്തിക്കുകയാണ് മുംബൈ ഇന്ത്യൻസ് മാനേജ്മെന്റ്.
ദക്ഷിണാഫ്രിക്കയുടെ മാർക്ക് ബൗച്ചറിന് പകരക്കാരനായി ആണ് മഹേല ജയവർദ്ധനെ തിരികെ ടീമിലേക്ക് എത്തുന്നത്. എങ്ങനെയെങ്കിലും പഴയ പ്രതാപം വീണ്ടെടുക്കുന്നതിനുള്ള ടീമിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പഴയ കോച്ചിനെ തിരികെ എത്തിച്ചുള്ള ഈ ഭാഗ്യ പരീക്ഷണം. 2017 മുതൽ 2022 വരെയുള്ള സീസണുകളിൽ മുംബൈ ഇന്ത്യൻസിന്റെ ഹെഡ് കോച്ച് ആയിരുന്നു മഹേല ജയവർദ്ധനെ.
മഹേലയെ മുംബൈ ഇന്ത്യൻസിൻ്റെ ഹെഡ് കോച്ചായി തിരിച്ചെടുത്തതിൽ അതിയായ സന്തോഷമുള്ളതായി ടീം ഉടമ ആകാശ് അംബാനി വ്യക്തമാക്കി. മുംബൈ ഇന്ത്യൻസിന്റെ ആഗോള ടീമുകളെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചതിനുശേഷം ആണ് അദ്ദേഹത്തെ എം ഐ ഐപിഎൽ ടീമിലേക്ക് തിരികെ കൊണ്ടുവരാനുള്ള അവസരം ഇപ്പോൾ ലഭിച്ചത്. അദ്ദേഹത്തിൻ്റെ നേതൃത്വവും അറിവും കളിയോടുള്ള അഭിനിവേശവും മുംബൈ ഇന്ത്യൻസിന് എല്ലായ്‌പ്പോഴും പ്രയോജനം ചെയ്തിട്ടുണ്ട് എന്നും ആകാശ് അംബാനി വ്യക്തമാക്കി.
Discussion about this post