ചണ്ഡീഗഡ്: ഹരിയാനയിൽ കോൺഗ്രസിന് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിച്ചത് ഞങ്ങളാണെന്ന അവകാശ വാദവുമായി ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്റ് ഗുർനാം സിംഗ് ചാരുണി. എന്നാൽ ഇത് മുതലെടുക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നും, ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപേന്ദർ സിംഗ് ഹൂഡ ഒരു മണ്ടനാണെന്നും ഗുർനാം സിംഗ് വെളിപ്പെടുത്തി. കര്‍ഷക സമരം രാഷ്ട്രീയ പ്രേരിതമാണെന്ന ബിജെപി ആരോപണത്തിന് ശക്തിപകരുകയാണ് കിസാൻ യൂണിയൻ നേതാവിന്റെ പരാമര്‍ശം.
കർഷക പ്രക്ഷോഭത്തെ തുടർന്ന് ഞങ്ങളുണ്ടാക്കിയ അനുകൂല സാഹചര്യം മുതലാക്കാതെ, കോൺഗ്രസിനെ പരാജയത്തിലേക്ക് നയിച്ചതിന്റെ ഏറ്റവും വലിയ കാരണം മുൻ മുഖ്യമന്ത്രി ഭൂപേന്ദര്‍ ഹൂഡയാണ്. സ്വന്തക്കാരെ തിരുകി കയറ്റി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത അദ്ദേഹത്തിന്റെ നിലപാടാണ് കോൺഗ്രസ്സിന്റെ പരാജയത്തിന് കാരണം. കോൺഗ്രസ് ആണെങ്കിൽ എല്ലാം അദ്ദേഹത്തെ തന്നെ ഏൽപ്പിക്കുകയു ചെയ്തുവെന്നും ഗുർനാം സിംഗ് പറഞ്ഞു.
അതെ സമയം ഇനിയും മുൻ മുഖ്യമന്ത്രിയെ വിശ്വാസത്തിലെടുക്കരുതെന്നും ഇനിയെങ്കിലും കോൺഗ്രസ് ഹൈക്കമാൻഡ് ഞങ്ങൾ പറയുന്നത് കേൾക്കണമെന്നും ഭൂപീന്ദർ ഹൂഡയെ പ്രതിപക്ഷ നേതാവാക്കരുതെന്നും കർഷക നേതാവ് വ്യക്തമാക്കി.
എല്ലാ മാധ്യമങ്ങളും കോൺഗ്രസിന് 70ലധികം സീറ്റ് ലഭിക്കുമെന്നാണ് പ്രവചിച്ചത്. എന്നാൽ പിന്നീട് ബിജെപി വ്യക്തമായ മേധാവിത്വം ഉറപ്പിക്കുകയായിരുന്നു. ഹരിയാനയും രാജസ്ഥാനുമായി ചേർന്നു കിടക്കുന്ന ആഹിർവാൾ മേഖലയും ബിജെപി തൂത്തുവാരി. ദില്ലിക്കു ചുറ്റും കിടക്കുന്ന പത്തിൽ എട്ടു സീറ്റിലും ബിജെപിയാണ് ജയിച്ചത്. യുപിയുമായി ചേർന്നു കിടക്കുന്നു ജാട്ട് സ്വാധീന മേഖലകളിൽ പകുതി സീറ്റുകളിൽ കോൺഗ്രസിനെ തോൽപിക്കാൻ ബിജെപിക്ക് സാധിച്ചത് അവരെ വൻ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഇത് കോൺഗ്രസ്സിനെ കുറച്ചൊന്നുമല്ല ഞെട്ടിച്ചത്.
Discussion about this post