വാഷിംഗ്‌ടൺ: ഇസ്രയേലിനെ വളഞ്ഞിട്ടാക്രമിക്കാൻ ഇറാനും ഹിസ്‌ബൊള്ളായും കോപ്പ് കൂട്ടുമ്പോൾ ശക്തമായ നടപടിയുമായി അമേരിക്ക. ഇറാന്റെ ആക്രമണങ്ങളിൽ നിന്നും ഇസ്രയേലിനെ സംരക്ഷിക്കാൻ തങ്ങളുടെ ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് (THAAD) ബാറ്ററി ഇസ്രായേലിൽ വിന്യസിക്കുമെന്നാണ് പെൻ്റഗൺ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ഇത് പ്രവർത്തിപ്പിക്കാൻ ആവശ്യമായ ഉദ്യോഗസ്ഥരെയും ഇതോടൊപ്പം അയക്കും.
ഇസ്രയേലുമായുള്ള സംഘർഷത്തിൽ അമേരിക്കൻ സേനയെ ഉൾപ്പെടുത്തുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഇറാൻ വാഷിംഗ്ടണിന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അതിനു പുല്ല് വില നൽകി കൊണ്ടാണ് ഇപ്പോൾ അമേരിക്കയുടെ നീക്കം.
അമേരിക്ക ഇത്തരമൊരു സംവിധാനം മേഖലയിൽ വിന്യസിക്കുന്നത് ഇതാദ്യമല്ലെന്ന് പെൻ്റഗൺ പ്രസ് സെക്രട്ടറി മേജർ ജനറൽ പാട്രിക് റൈഡർ പറഞ്ഞു. ഇതിനു മുമ്പ് 2019 ൽ അമേരിക്ക – ഇസ്രായേൽ സൈനികാഭ്യാസത്തിന്റെ ഭാഗമായി, ടെർമിനൽ ഹൈ-ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് (THAAD) ബാറ്ററി പ്രദേശത്ത് സ്ഥാപിച്ചിരുന്നു.
അതേസമയം യുഎസ് സൈനികർ ഇസ്രയേലിന്റെ മണ്ണിൽ നിലയുറപ്പിക്കുന്നത് അസാധാരണമാണെങ്കിലും, വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം മിസൈൽ വിരുദ്ധ പ്രതിരോധ സംവിധാനം പ്രവർത്തിപ്പിക്കുന്നതിനു വേണ്ടിയുള്ള മിനിമം സംവിധാനമാണ് എന്നതാണ് യാഥാർഥ്യം .
ഏപ്രിൽ 13 നും ഒക്ടോബർ 1 നും ഇറാൻ ഇസ്രായേലിനെതിരെ നടത്തിയ അഭൂതപൂർവമായ ആക്രമണങ്ങൾക്ക് മറുപടിയായി ഇസ്രായേലിൻ്റെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുകയാണ് ഈ നടപടി ലക്ഷ്യമിടുന്നതെന്നും പെൻ്റഗൺ വ്യക്തമാക്കി.
Discussion about this post