ലാഹോര്‍: കാര്‍ഗിലില്‍ കടന്നുകയറ്റം നടത്തിയ പാക്ക് നടപടിയെ വിമര്‍ശിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. 1999ല്‍ കാര്‍ഗിലില്‍ നടന്ന പാക്ക് അധിനിവേശം അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പെയിയെ പിന്നില്‍ നിന്ന് കുത്തുന്നതിനു തുല്യമായിരുന്നു എന്ന് നവാസ് ഷെരീഫ് പറഞ്ഞു.
ഇന്ത്യ-പാക്കിസ്ഥാന്‍ സമാധാന ചര്‍ച്ച ലാഹോറില്‍ നടക്കുമ്പോഴായിരുന്നു കാര്‍ഗില്‍ പ്രശ്‌നം ഉണ്ടായത്. കാര്‍ഗിലിലെ കടന്നുകയറ്റത്തിലൂടെ തന്നെ പിന്നില്‍ നിന്ന് കുത്തുകയാണ് ഉണ്ടായതെന്ന് വാജ്‌പെയ് പറഞ്ഞതായും ഷരീഫ് വ്യക്തമാക്കി. താനാണ് വാജ്‌പെയിയുടെ സ്ഥാനത്തെങ്കിലും ഇതുതന്നെയാകും പ്രതികരണമെന്നും ഷരീഫ് പറഞ്ഞു. ഒരു ദേശിയ മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു ഷരീഫ്.
അന്നത്തെ സംഭവത്തെക്കുറിച്ച് ഇന്നിപ്പോള്‍ ആരോടും പരാതി പറഞ്ഞിട്ട് കാര്യമില്ല. ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിക്കാര്യമൊഴിച്ച് ഇന്ത്യക്കാരും പാക്കിസ്ഥാന്‍കാരും ഒന്നാണെന്നും ഷെരീഫ് പറഞ്ഞു.
Discussion about this post