തിരുവനന്തപുരം : ശബരിമലയിലെ സ്പോട്ട് ബുക്കിംഗ് വിഷയത്തിൽ മുഖ്യമന്ത്രിയുടെയും ദേവസ്വം ബോർഡിന്റെയും അഭിപ്രായത്തിന് വിരുദ്ധമായ നിലപാടുമായി സിപിഎം. ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് ആവശ്യമാണെന്ന അഭിപ്രായം തന്നെയാണ് സിപിഎമ്മിനും ഉള്ളതെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. ഭക്തർക്ക് വേണ്ടത്ര സൗകര്യങ്ങൾ നൽകാത്തതിന്റെ പേരിൽ സംഘർഷം ഉണ്ടായാൽ ആ അവസരം വർഗീയവാദികൾ ഉപയോഗിക്കും എന്നാണ് സ്പോട്ട് ബുക്കിംഗ് വിഷയത്തിൽ എംവി ഗോവിന്ദൻ അഭിപ്രായപ്പെട്ടത്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ശബരിമല അവലോകന യോഗത്തിൽ ആണ് ഈ വർഷം സ്പോട്ട് ബുക്കിംഗ് വേണ്ട എന്ന് തീരുമാനത്തിലെത്തിയിരുന്നത്. വിർച്വൽ ബുക്കിംഗ് വഴി മാത്രമായിരിക്കും ഈ വർഷം ശബരിമലയിൽ ദർശനം അനുവദിക്കുക എന്നും യോഗത്തിൽ തീരുമാനം ഉണ്ടായിരുന്നു. പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും ഹൈന്ദവ സംഘടനകളുടെയും ഭാഗത്തുനിന്ന് വലിയ എതിർപ്പായിരുന്നു ഈ തീരുമാനത്തിനെതിരെ ഉണ്ടായിരുന്നത്.
ശബരിമല ഭക്തരുടെ ഭാഗത്തുനിന്നും ഉള്ള എതിർപ്പ് രൂക്ഷമായതിനെ തുടർന്നാണ് സിപിഎം തന്നെ ഈ വിഷയത്തിൽ നേരിട്ട് കളത്തിൽ ഇറങ്ങിയിരിക്കുന്നത്. ശബരിമലയിൽ സ്പോട്ട് ബുക്കിങ് ഉണ്ടായില്ലെങ്കിൽ തിരക്കിലേക്കും സംഘർഷത്തിലേക്കും നീങ്ങുമെന്നാണ് സിപിഎം വിലയിരുത്തൽ. ശബരിമലയിൽ ഏതെങ്കിലും രീതിയിലുള്ള സംഘർഷം ഉണ്ടായാൽ വർഗീയവാദികൾക്ക് മുതലെടുക്കാനുള്ള അവസരമായി അത് മാറുമെന്നും എംവി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. ആർഎസ്എസും ബിജെപിയും ചേർന്ന് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ആണ് ശ്രമിക്കുന്നത് എന്നും സിപിഎം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.
Discussion about this post