കൊച്ചി: ഭാരതി എയര്‍ടെല്‍ നൂതനമായി അവതരിപ്പിച്ച എഐ സ്പാം ഡിറ്റക്ഷന്‍ സംവിധാനം വന്‍ വിജയമായെന്ന് എയര്‍ടെല്‍. 19 ദിവസങ്ങള്‍ കൊണ്ട് കേരളത്തില്‍നിന്ന് 5.5 കോടി സ്പാം കോളുകളും 10 ലക്ഷം സ്പാം എസ്എംഎസുകളും കണ്ടെത്തിയെന്ന് കേരള ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അമിത് ഗുപ്ത അറിയിച്ചു. 97 ശതമാനം സ്പാം കോളുകളും 99.5 ശതമാനം സ്പാം എസ്എംഎസുകളും ഈ സംവിധാനത്തിലൂടെ കണ്ടെത്താന്‍ സാധിച്ചതായും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം അവകാശപ്പെട്ടു.
‘സ്മാര്‍ട്ട്‌ഫോണുകളും കോളുകളും ഒഴിവാക്കാന്‍ കഴിയാത്തതായി കഴിഞ്ഞു. എന്നാല്‍, അനാവശ്യ കോളുകള്‍ വരുന്നത് ഉപഭോക്താക്കള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഒപ്പം സ്‌കാമുകളും തട്ടിപ്പുകളും ഏറിവരുന്നു. 60 ശതമാനം ഇന്ത്യക്കാര്‍ക്കും പ്രതിദിനം മൂന്ന് സ്പാം കോളുകളെങ്കിലും വരുന്നുണ്ടെന്നാണ് കണക്ക്.
ഇതൊക്കെ ഒഴിവാക്കാനാണ് എയര്‍ടെല്‍ എഐ അധിഷ്ഠിത സംവിധാനം ഒരുക്കിയത്. സ്പാം കോളുകളും മെസ്സേജുകളും കണ്ടെത്തി അവഗണിക്കുവാന്‍ സാധിക്കും’ -അമിത് ഗുപ്ത കൂട്ടിച്ചേര്‍ത്തു.
സെപ്റ്റംബര്‍ 25നാണ് എയര്‍ടെല്‍ എഐ സ്പാം ഡിറ്റക്ഷന്‍ സംവിധാനം അവതരിപ്പിച്ചത്. സ്പാം എന്ന് സംശയിക്കപ്പെടുന്ന കോളുകളും എസ്എംഎസുകളും വരുമ്പോള്‍ അതോടൊപ്പം സ്പാമാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നല്‍കുന്ന ഫീച്ചറാണിത്. ഇതിനായി മറ്റ് സേവനദാതാക്കളുമായും ആശയവിനിമയം നടത്തിയിട്ടുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post