ചെന്നൈ : കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ജാഗ്രതയിൽ തമിഴ്നാട്. നാളെ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ഒക്ടോബർ 16 ബുധനാഴ്ച തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ മേഖലകളിൽ എല്ലാ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധിയായിരിക്കും. കൂടാതെ, സ്വകാര്യ കമ്പനികളോട് അവരുടെ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഒക്ടോബർ 15-ന് അതിതീവ്ര ന്യൂനമർദമായി മാറിയെന്നും ഇത് തമിഴ്നാട് മേഖലയിൽ ശക്തമായ മഴയ്ക്ക് കാരണമാകാൻ സാധ്യതയുണ്ടെന്നും റീജിയണൽ മെറ്റീരിയോളജിക്കൽ സെൻ്റർ അറിയിച്ചിട്ടുണ്ട്. തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ, തമിഴ്‌നാട്ടിൽ ഒറ്റപ്പെട്ട കനത്തതോ അതിശക്തമായതോ ആയ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുള്ളത്.
ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് എന്നീ തീരദേശ ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും സർക്കാർ ഓഫീസുകൾക്കും ഒക്ടോബർ 16 ന് സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്തെ എല്ലാ അവശ്യ സേവനങ്ങളും പ്രവർത്തനക്ഷമമായി തുടരാൻ ശ്രദ്ധിക്കേണ്ടതാണ് എന്നും സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Discussion about this post