കൊല്ലം: ചിതറയിൽ പോലീസുകാരനെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ കേസിൽ വിചിത്ര മൊഴിയുമായി പ്രതി സഹദ്. ഇർഷാദിനെ കൊലപ്പെടുത്തിയത് ജിന്നാണെന്നാണ് സഹദിന്റെ വാദം. പരസ്പരവിരുദ്ധമായുള്ള സഹദിന്റെ മൊഴികൾ അന്വേഷണ സംഘത്തെയും കുഴയ്ക്കുന്നുണ്ട്.
ചോദ്യം ചെയ്യലിനോട് ഒട്ടും തന്നെ സഹദ് സഹകരിക്കുന്നില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. ചോദ്യം ചെയ്യലിന് വിളിക്കുമ്പോഴെല്ലാം ഇയാൾ തനിക്ക് ഉറങ്ങണമെന്ന് പറയും. കൊലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചോദിച്ചാൽ താൻ കൊന്നിട്ടില്ലെന്ന് പറയും. ജിന്നാണ് കൊന്നത് എന്നും സഹദ് പറയുന്നുണ്ട്. ഇയാൾ അറബിക് മന്ത്രവാദം അനുഷ്ടിക്കാറുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് സഹദിന്റെ ജിന്നുമായി ബന്ധപ്പെട്ടുള്ള മൊഴികൾ.
കഴിഞ്ഞ ദിവസമാണ് വിളയിടം സ്വദേശി ഇർഷാദിനെ സഹദ് കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്. ഇർഷാദിന്റെ സുഹൃത്ത് കൂടിയാണ് സഹദ്. ഇയാളുടെ വീട്ടിൽ ആയിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇർഷാദ് താമസിച്ചിരുന്നത്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണ് സഹദ് എന്നാണ് പോലീസ് പറയുന്നത്. നിരവധി കേസുകൾ ഇതുമായി ബന്ധപ്പെട്ട് സഹദിന്റെ പേരിൽ ഉണ്ട്.
Discussion about this post