തിരുവനന്തപുരം: യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അധിക്ഷേപിച്ചതിന് പിന്നാലെ എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ ജില്ലാ കളക്ടർക്കും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്കും നോട്ടീസയച്ചു. പരാതിയിൽ അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം മറുപടി നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം കെ ബൈജുനാഥ് നിർദേശിച്ചു.
മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി ദേവദാസ് നൽകിയ പരാതിയിലാണ് കമ്മീഷൻ കേസെടുത്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്വീകരിച്ച സമീപനം നിയമവിരുദ്ധമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മരിച്ച നവീൻ ബാബുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും ആശ്രിതർക്ക് ജോലിയും നൽകണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. ഈ മാസം 19ന് കണ്ണൂർ ഗവൺമെന്റ് ഗസ്റ്റ്ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമെന്നാണ് വിവരം.
നവീൻ ബാബുവിന്റെ മരണത്തിൽ ടൗൺ പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. ഡ്രൈവർ എം ഷംസുദ്ദീൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. എഫ്‌ഐആറിൽ ഏതോ മാനസിക വിഷമത്തിൽ കിടപ്പുമുറിയിലെ ഫാനിൽ പ്ലാസ്റ്റിക് കയറിൽ തൂങ്ങി മരിച്ചുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യാത്രയയപ്പ് ചടങ്ങിൽ പിപി ദിവ്യയുടെ അധിക്ഷേപ പരാമർശത്തിന് പിന്നാലെയാണ് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പിപി ദിവ്യക്കും നവീൻ ബാബുവിനെതിരെ ആരോപണം ഉന്നയിച്ച പെട്രോൾ പമ്പ് ഉടമ പ്രശാന്തിനുമെതിരെ നവീൻ ബാബുവിന്റെ കുടുംബം പരാതി നൽകിയിട്ടുണ്ട്. മരണത്തിൽ ഗൂഡാലോചനയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. മരണത്തിൽ അന്വേഷണം വേണമെന്നും ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
Discussion about this post