ന്യൂഡൽഹി : കെ-റെയിൽ ആവശ്യം വീണ്ടും ആവർത്തിച്ച് കേരള സർക്കാർ. ഈ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെ നേരിൽകണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. സിൽവർ ലൈൻ പദ്ധതിയുടെ അംഗീകാരത്തെക്കുറിച്ച് ഇരുവരും ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഓഗസ്റ്റിൽ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇപ്പോൾ കേന്ദ്ര റെയിൽവേ മന്ത്രിയുമായി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്.
സിൽവർ ലൈൻ പദ്ധതിക്ക് പുറമേ അങ്കമാലി-എരുമേലി-ശബരി റെയിൽപാത പദ്ധതി, സംസ്ഥാനത്തെ റയിൽപാതകളുടെ എണ്ണം മൂന്ന്, നാല് വരിയാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുക തുടങ്ങിയ കാര്യങ്ങളിലും പിണറായി വിജയനും അശ്വനി വൈഷ്ണവും തമ്മിൽ ചർച്ച നടന്നു. റെയിൽ ഭവനിൽ വച്ച് നടന്ന കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയോടൊപ്പം മന്ത്രി വി അബ്ദുറഹ്മാനും പങ്കെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ട കാര്യങ്ങളിൽ ഉദ്യോഗസ്ഥതല ചർച്ച നടത്തിയ ശേഷം അന്തിമ തീരുമാനം എടുക്കും എന്നാണ് റെയിൽവേ മന്ത്രി അറിയിച്ചിട്ടുള്ളത്. റെയിൽപാത വികസനവുമായി ബന്ധപ്പെട്ട് കേരളം ആവശ്യപ്പെട്ട കാര്യങ്ങളിൽ അനുകൂല നടപടി സ്വീകരിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായി മന്ത്രി വി അബ്ദുറഹ്മാൻ വ്യക്തമാക്കി.
Discussion about this post