ശബരിമലയിലും മാളിക പുറത്തും പുതിയ മേൽശാന്തിയെ തിരഞ്ഞെടുത്തു; തിരഞ്ഞെടുത്തത് രാവിലെ ഏഴരയോട് കൂടെ പത്തനംതിട്ട: ശബരിമലയിലും മാളികപ്പുറത്തും പുതിയ മേൽശാന്തിമാരെ തിരഞ്ഞെടുത്തു. പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരൻ ഋഷികേശ് വർമയാണ് ശബരിമല മേൽശാന്തിയെ തിരഞ്ഞെടുത്തത്.
എസ് അരുൺകുമാർ നമ്പൂതിരി ശബരിമലയിലെ പുതിയ മേൽശാന്തിയായപ്പോൾ മാളികപ്പുറം മേൽശാന്തിയായി ടി വാസുദേവൻ നമ്പൂതിരിയെയും തിരഞ്ഞെടുത്തു. നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് അരുൺകുമാർ ആറ്റുകാൽ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയായിരുന്നു. കോഴിക്കോട് ഒളവണ്ണ സ്വദേശിയാണ് വാസുദേവൻ നമ്പൂതിരി.
ഉഷപൂജയ്ക്ക് ശേഷം രാവിലെ ഏഴരയോടെയാണ് ശബരിമലയിൽ പുതിയ മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടന്നത്. അതേസമയം, തുലാമാസ പൂജകൾക്കായി കഴിഞ്ഞ ദിവസമാണ് ശബരിമല നട തുറന്നത്. ഒക്ടോബർ 21ന് നട അടയ്ക്കും. മണ്ഡലകാലത്തിന് തുടക്കം കുറിച്ച് നട തുറക്കുന്ന നവംബർ 15നാണ് പുതിയ മേൽശാന്തിമാർ ചുമതലയേൽക്കുന്നത്.
സ്വാമി അയ്യപ്പന് നിയുക്ത പൂജകൾ നടത്തുന്ന ശബരിമല ക്ഷേത്രത്തിലെ പൂജാരിയാണ് മേൽശാന്തി. മേൽശാന്തിയും തന്ത്രിയും ഭഗവാൻ്റെ തന്നെ പ്രതിനിധാനമായാണ് കരുതപ്പെടുന്നത് . മേൽശാന്തിയുടെ കാലാവധി ഒരു വർഷമാണ്. ശബരിമലയിലെ മേൽശാന്തി തെരഞ്ഞെടുപ്പിനായി സന്നിധാനത്ത് 25ഉം മാളികപ്പുറത്ത് 15ഉം പേരായിരുന്നു അന്തിമ പട്ടികയിൽ ഉണ്ടായിരുന്നത്.
Discussion about this post