മലയാള ചലച്ചിത്ര സംഗീത ലോകത്തെ ഏറ്റവും മനോഹരമായ ഒരു കൂട്ടുകെട്ടായിരുന്നു എം. ജയചന്ദ്രനും ഗിരീഷ് പുത്തഞ്ചേരിയും. ഗിരീഷ് പുത്തഞ്ചേരിയുടെ അർത്ഥവത്തായ വരികളും ജയചന്ദ്രന്റെ മെലഡികളും ചേർന്നപ്പോൾ പിറന്നത് മലയാളികൾ എന്നും നെഞ്ചിലേറ്റുന്ന ഒരുപിടി നിത്യഹരിത ഗാനങ്ങളാണ്.
മലയാളിത്തമുള്ള ഈണങ്ങൾക്കായിരുന്നു ജയചന്ദ്രൻ മുൻഗണന നൽകിയിരുന്നത്. ഗിരീഷ് പുത്തഞ്ചേരിയാകട്ടെ, പ്രകൃതിയെയും പ്രണയത്തെയും ഗൃഹാതുരത്വത്തെയും തന്റെ വരികളിൽ മനോഹരമായി ആവാഹിച്ചു. ഇവരുടെ ഒത്തുചേരൽ പലപ്പോഴും ഇമ്പമുള്ള മെലഡികൾക്ക് ജന്മം നൽകി. ” ഇന്നലെ എന്റെ നെഞ്ചിലെ” ” ‘അമ്മ മഴക്കാറിന്” ” കല്യാണക്കച്ചേരി” ” കണ്ണ് നട്ട് കാത്തിരുന്നിട്ടും” തുടങ്ങിയ പാട്ടുകൾ മലയാളി രണ്ടും കൈ നീട്ടി സ്വീകരിച്ചതാണ്.
ഇവരുടെ കൂട്ടുകെട്ടിലെ മറ്റൊരു ഹിറ്റ് പാട്ടായിരുന്നു നമ്മൾ തമ്മിൽ എന്ന ചിത്രത്തിലെ ജൂണിലെ നിലാമഴയിൽ, ഇതിന്റെ പിറവിക്ക് പിന്നിലെ കഥയെക്കുറിച്ച് ജയചന്ദ്രൻ അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു.
“ആ സമയത്ത് ഇളയരാജ പോലെ ഇതിഹാസങ്ങളുമായിട്ടൊക്കെ അദ്ദേഹം പാട്ടുകൾ ഒരുക്കുമായിരുന്നു. എന്നിട്ട് എന്നോട് തമാശയായി വന്നിട് പറയും, കണ്ടോടാ ഇങ്ങനെ വേണം പാട്ടൊരുക്കാൻ എന്നൊക്കെ. ആ സമയത്ത് വിദ്യാജി ഒരു സിനിമക്ക് വേണ്ടി ഗിരീഷേട്ടന്റെ വരികൾ ട്യൂൺ ചെയ്തത് അദ്ദേഹം എന്നെ പാടി കേൾപ്പിച്ചു ” ജൂണിലെ നിലാമഴയിൽ” എന്ന വരി അതിമനോഹരമായിരുന്നു. ആ സിനിമ നടക്കാതെ പോയപ്പോൾ ഞാൻ ഗിരീഷേട്ടനോട് എന്റെ അടുത്ത പടത്തിന് വേണ്ടി ആ പാട്ട് ചോദിച്ചു. നീ നല്ല ട്യൂൺ ഉണ്ടാക്കിയാൽ മാത്രമേ ഞാൻ ഈ പാട്ട് തരൂ എന്നാണ് അദ്ദേഹം പറഞ്ഞത്. ഞാൻ ഇപ്പോൾ നിങ്ങൾ കേൾക്കുന്ന ആ പാട്ടിന്റെ ട്യൂൺ പാടി കേൾപ്പിച്ചു. അദ്ദേഹം ഒന്നും മിണ്ടാതെ ഇരുന്നപ്പോൾ അത് തന്നെ അൽപ്പം കൂടി ഫീലിൽ പാടി. അതോടെ അദ്ദേഹം എനിക്ക് ആ പാട്ട് തന്നു.
ഈ ചിത്രം പരാജയം ആയിരുന്നെങ്കിലും സുജാത പാടിയ ഈ പാട്ട് സൂപ്പർ ഹിറ്റ് ആയി മാറി.













Discussion about this post