ന്യൂയോർക്ക്: ഒരിടവേളയ്ക്ക് ശേഷം ഭൂമിയ്ക്ക് നേരെ വീണ്ടും പാഞ്ഞടുത്ത് ഭീമൻ ഛിന്നഗ്രഹം. നാളെയോടെ ഛിന്നഗ്രഹം ഭൂമിയ്ക്ക് തൊട്ടരികിലായി എത്തുമെന്നാണ് റിപ്പോർട്ടുകൾ. അസാധാരണവലിപ്പമുള്ള ഈ ഛിന്നഗ്രഹം ഭൂമിയ്ക്ക് ദോഷകരമായി ബാധിച്ചേക്കാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
കാലിഫോർണിയ ആസ്ഥാനമായിട്ടുള്ള ജെറ്റ് പ്രൊപൽഷ്യൻ ലബോറട്ടറിയിലെ ഗവേഷകർ ആണ് പുതിയ ഛിന്നഗ്രഹത്തിന്റെ സഞ്ചാരം കണ്ടെത്തിയിരിക്കുന്നത്. സ്‌റ്റേഡിയത്തിന്റെയത്ര വലിപ്പമുള്ള ഛിന്നഗ്രഹത്തിന് 2024 ആർവി 50 എന്നാണ് പേര് നൽകിയിരിക്കുന്നത്. 710 അടിയാണ് ഈ ഛിന്നഗ്രഹത്തിന്റെ യഥാർത്ഥ വലിപ്പം. ഒരു സ്റ്റേഡിയത്തിന് ഇത്രയും വലിപ്പം ഉണ്ടാകും. ഇത് ഭൂമിയിൽ പതിച്ചാൽ കനത്ത ആഘാതം ആകും സംഭവിക്കുക.
നിലവിൽ ഭൂമിയെ ലക്ഷ്യമിട്ട് അതിവേഗത്തിൽ നീങ്ങുന്ന ഛിന്നഗ്രഹം നാളെ വൈകീട്ടോടെ ഭൂമിയ്ക്ക് തൊട്ടരികിൽ എത്തും. ഭൂമിയിൽ നിന്നും 4,610,000 മൈൽ അകലത്ത് കൂടിയാകും ഈ ഛിന്നഗ്രഹം കടന്ന് പോകുക. സാധാരണ ഗതിയിൽ ഈ അകലത്തിലൂടെ ഛിന്നഗ്രഹം കടന്ന് പോകുന്നത് ഭൂമിയ്ക്ക് ദോഷം ചെയ്യില്ല. എന്നാൽ സഞ്ചാര പാതയിൽ എന്തെങ്കിലും മാറ്റം ഉണ്ടായാൽ ഭൂമിയിൽ പതിച്ചേക്കാം. ഈ സാഹചര്യത്തിലാണ് ഛിന്നഗ്രഹത്തിന്റെ വരവ് ഗവേഷകർ ഗൗരവമായി നിരീക്ഷിക്കുന്നത്.
2024 ആർവി 50 ന് പിന്നാലെ മറ്റൊരു ഛിന്നഗ്രഹം കൂടി ഭൂമിയെ ലക്ഷ്യമിട്ട് എത്തുന്നുണ്ടെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. 2024 ടിവൈ 21 എന്ന് പേര് നൽകിയിരിക്കുന്ന ഛിന്നഗ്രഹം ആണ് മറ്റെന്നാൾ ഭൂമിയ്ക്ക് അരികിൽ എത്തുക. ഭൂമിയിൽ നിന്നും 840,000 മൈൽ അകലെ ആയിട്ടായിരിക്കും ഈ ഛിന്നഗ്രഹത്തിന്റെ സ്ഥാനം എന്നാണ് ഗവേഷകരുടെ അനുമാനം.
Discussion about this post