ന്യൂഡൽഹി: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഓഫീസുമായുള്ള ബന്ധം തുറന്നുസമ്മതിച്ച് ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ. കഴിഞ്ഞ മൂന്ന് വർഷങ്ങളായി ട്രൂഡോയുടെ ഓഫീസുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് പന്നൂൻ വെളിപ്പെടുത്തി. കനേഡിയൻ വാർത്താ ചാനലായ സിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് പന്നൂന്റെ വെളിപ്പെടുത്തൽ.
ഭീകരസംഘടനയായ സിഖ് ഫോർ ജസ്റ്റിസ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി കനേഡിയൻ പ്രധാനമന്ത്രിയുടെ ഓഫീസുമായി ആശയവിനിമയം നടത്തുന്നുണ്ട്. ഇന്ത്യക്കെതിരായ വിവരങ്ങളെല്ലാം കാനഡക്ക് കൈമാറി. ഇന്ത്യൻ ഹൈക്കമ്മീഷണറുടെ നേതൃത്വത്തിൽ കാനഡയിൽ നടന്ന ചാര പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങളെല്ലാം ട്രൂഡോയെ അറിയിച്ചുവെന്നും പന്നൂൻ പറഞ്ഞു.
ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ് പുറത്താക്കിയത് ഒരു തുടക്കം മാത്രമാണെന്നായിരുന്നു ഖാലിസ്ഥാനി ഭീകരന്റെ വാക്കുകൾ. വാൻകൂവറിലെയും ടൊറന്റോയിലെയും ഇന്ത്യൻ കോൺസുലേറ്റുകൾ എന്നന്നേക്കുമായി അടച്ച പൂട്ടേണ്ടതുണ്ടെന്നാണ് തങ്ങൾക്ക് തോന്നുന്നതെന്നും പന്നൂൻ കൂട്ടിച്ചേർത്തു. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങൾ രൂക്ഷമാകുന്നതിനിടെയാണ് ഇരുരാജ്യങ്ങൾക്കിടയിലും വിദ്വേഷം പടർത്തിക്കൊണ്ടുള്ള പന്നൂന്റെ പരാമർശങ്ങൾ.
അതേസമയം, ഇന്ത്യക്കെതിരെ ഒരു തെളിവുകളും തങ്ങളുടെ പക്കലില്ലെന്ന ട്രൂഡോയുടെ വാക്കുകളിൽ രൂക്ഷവിമർശനവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം രംഗത്ത് വന്നിരുന്നു. ഇന്ത്യക്കെതിരെ കാനഡ ഉയർത്തിയ ഗുരുതരമായ ആരോപണങ്ങൾ തെളിയിക്കാൻ ഒരു തരത്തിലുള്ള തെളിവുകളും കാനഡ ഹാജരാക്കിയിട്ടില്ല. ഇന്ത്യക്കെതിരെ വ്യക്തമായ തെളിവുകൾ ഒന്നുമില്ല, ഇന്റലിജൻസ് വിവരങ്ങൾ മാത്രമാണ് ഉള്ളതെന്നുമായിരുന്നു ട്രൂഡോയുടെ വാദം. ഈ പ്രസ്താവനയെ തുടർന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് ഉലച്ചിൽ തട്ടുന്നതിനുള്ള കാരണക്കാരൻ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തന്നെയാണെന്ന് ഇന്ത്യ വിമർശിച്ചു.
തങ്ങൾ ഇത്രയും കാലം പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങൾക്ക് സ്ഥിരീകരണം നൽകുക മാത്രമാണ് ട്രൂഡോ ഇപ്പോൾ ചെയ്തിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യക്കും ഇന്ത്യയുടെ നയതന്ത്ര പ്രതിനിധികൾക്കുമെതിരെ കാനഡ ഉന്നയിച്ച ആരോപണങ്ങൾക്ക് ഒരു തെളിവും ഇതുവരെ അവർ ഹാജരാക്കിയിട്ടില്ലെന്ന തങ്ങളുടെ നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.
Discussion about this post