ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. വിവിധ ഭാഷാ തൊഴിലാളിയെ ഭീകരർ വെടിവച്ച് കൊലപ്പെടുത്തി. ഷോപിയാൻ ജില്ലയിൽ ആയിരുന്നു സംഭവം. പ്രതികളായ ഭീകരർക്കായി സുരക്ഷാ സേന അന്വേഷണം ആരംഭിച്ചു.
സൈനപോര മേഖലയിൽ രാവിലെയോടെയായിരുന്നു ഭീകരാക്രമണം ഉണ്ടായത്. വാഹനങ്ങളിൽ എത്തിയ ഭീകര സംഘം ഇയാൾക്ക് നേരെ വെടിയുതിർത്ത ശേഷം രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ സാരമായി പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
കൊല്ലപ്പെട്ടയാളുടെ പേരും മറ്റ് വിശദാംശങ്ങളും സുരക്ഷാ സേന ശേഖരിച്ചുവരികയാണ്. നിലവിൽ ആശുപത്രിയിലാണ് ഇയാളുടെ മൃതദേഹം ഉള്ളത്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
ഒരിടവേളയ്ക്ക് ശേഷം കശ്മീർ സ്വദേശി അല്ലാത്തവർക്കെതിരെ ഭീകരർ ആക്രമണം നടത്തുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ അതീവ ഭീതിയിലാണ് പ്രദേശവാസികൾ.








