കണ്ണൂർ: എഡിഎമ്മിൻ്റെ മരണത്തിലേക്ക് നയിച്ച സംഭവത്തിൽ ഗുരുതര ആരോപണം നേരിടുന്ന കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ സ്ഥലംമാറ്റത്തിനായി ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചു. എഡിഎമ്മിൻ്റെ മരണത്തിൽ രോഷാകുലരായ കണ്ണൂർ കളക്ട്രേറ്റിലെ ജീവനക്കാർ തനിക്കെതിരെ തിരിയുമെന്ന് മുൻകൂട്ടി കണ്ടാണ് കളക്ടർ അരുൺ കെ വിജയൻ്റെ നീക്കം. കളക്ടർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് മരണപ്പെട്ട എ ഡി എം ഭാര്യയോട് പറഞ്ഞതായി സി പി എം പത്തനംതിട്ട സെക്രട്ടറി രാവിലെ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്.
ജീവനക്കാർ മാത്രമല്ല പൊതുജനവും ബി ജെ പി കോൺഗ്രസ് തുടങ്ങിയ രാഷ്ട്രീയ പാർട്ടികളും തനിക്കെതിരാണെന്ന് കളക്ടർ മനസിലാക്കിയതായാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിൽ കെ സുധാകരൻ അടക്കം വിവിധ പാർട്ടി നേതാക്കൾ കലക്ടർക്കെതിരെ രംഗത്ത് വന്നിരുന്നു.
ഈ സാഹചര്യത്തിലാണ് സ്ഥലം മാറ്റം അപേക്ഷ നൽകിയെങ്കിലും തത്കാലം കണ്ണൂരിൽ തന്നെ തുടരാൻ ഉന്നതോദ്യോഗസ്ഥർ കലക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെ തുടർന്ന് കളക്ടറുടെ അപേക്ഷ മടക്കിയതായാണ് വിവരം.
കളക്ടർക്കെതിരെ നേരത്തെ സിപിഎം പത്തനംതിട്ട നേതൃത്വവും ബിജെപിയും കോൺഗ്രസും രംഗത്തെത്തിയിരുന്നു. ഗൂഢാലോചനയിൽ കളക്ടർക്ക് പങ്കുണ്ടെന്നാണ് ഇവർ ആരോപിക്കുന്നത് . പത്തനംതിട്ടയിൽ എഡിഎമ്മിൻ്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത അദ്ദേഹം കണ്ണൂരിൽ തിരിച്ചെത്തിയെങ്കിലും ഇന്ന് ഓഫീസിലേക്ക് വന്നിരുന്നില്ല. കളക്ടർ ഓഫീസിൽ വന്നാലും ബഹിഷ്കരിക്കാനാണ് സിവിൽ സ്റ്റേഷനിലെ ജീവനക്കാരുടെ തീരുമാനം.
Discussion about this post