ന്യൂഡൽഹി: സ്വന്തം ജീവിതം തിരഞ്ഞെടുക്കാനുള്ള വ്യക്തിയുടെ സ്വാതന്ത്രത്തേക്കാൾ വലുതല്ല ഒരു വ്യക്തി(മത) നിയമവും എന്ന് വ്യക്തമാക്കി സുപ്രീം കോടതി. ഇന്ത്യയിൽ ശൈശവ വിവാഹങ്ങൾ തടയുന്നതിനുള്ള നിയമം ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (സിജെഐ) ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ചു.
എന്നിരുന്നാലും, വ്യക്തിനിയമങ്ങൾക്ക് മേൽ ശൈശവ വിവാഹ നിരോധന നിയമം (പിസിഎംഎ) പ്രാബല്യത്തിൽ വരുമോ എന്ന വിഷയം പാർലമെൻ്റിൻ്റെ പരിഗണനയിലുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. വ്യക്തിനിയമങ്ങളെ മറികടക്കാൻ പിസിഎംഎ നിലനിർത്തണമെന്ന് കേന്ദ്രം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
“വളരെ വിപുലമായ” സാമൂഹ്യശാസ്ത്ര വിശകലനമാണ് വിധിയിൽ നടത്തിയതെന്ന് ചീഫ് ജസ്റ്റിസ് എടുത്തുപറഞ്ഞു.
ദാരിദ്ര്യം, ലിംഗഭേദം, അസമത്വം, വിദ്യാഭ്യാസമില്ലായ്മ തുടങ്ങിയ ശൈശവ വിവാഹത്തിൻ്റെ മൂലകാരണങ്ങൾ പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം വിവിധ സമുദായങ്ങളുടെ തനതായ സാഹചര്യങ്ങൾക്കനുസൃതമായി പ്രതിരോധ തന്ത്രങ്ങൾ രൂപപ്പെടുത്തണമെന്നും വിധിയിൽ പറയുന്നു.
Discussion about this post