രത്തന്‍ ടാറ്റയുടെ മരണത്തിന് ശേഷം ടാറ്റ ട്രസ്റ്റിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത് അര്‍ധ സഹോദരന്‍ നോയല്‍ ടാറ്റയാണ്. അദ്ദേഹം കമ്പനി സ്വത്തുകള്‍ നിയന്ത്രിക്കുമെങ്കിലും രത്തന്‍ ടാറ്റയുടെ വ്യക്തിഗത സ്വത്തുകള്‍ ആര്‍ക്കായിരിക്കും എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. അവിവാഹതനായ രത്തന്‍ ടാറ്റ ഇക്കാര്യത്തില്‍ വില്‍പത്രം തയ്യാറാക്കിയിട്ടുണ്ട്.
വില്‍പത്രം നടപ്പാക്കാന്‍ അഭിഭാഷകന്‍ ഡാരിയസ് ഖംബത, സുഹൃത്ത് മെഹ്ലി മിസ്ട്രി, അര്‍ധ സഹോദരിമായ ഷിറീന്‍, ഡീന്ന ജെജീഭോയ് എന്നിവരെയാണ് രത്തന്‍ ടാറ്റ ചുമതലപ്പെടുത്തിയത്. രത്തന്‍ ടാറ്റയുടെ അമ്മ സൂനോമിന്റെ രണ്ടാം വിവാഹത്തിലെ മക്കളാണ് ഷിറീനും ഡീന്ന ജെജീഭോയും. ഇരുവരും 1990 ല്‍ രത്തന്‍ ടാറ്റ ട്രസ്റ്റിന്റെ ബോര്‍ഡിലുണ്ടായിരുന്നു
രത്തന്‍ ടാറ്റയുടെ വിശ്വസ്തനായ മെഹ്ലി മിസ്ട്രിയാണ് മറ്റൊരാള്‍. ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിങ് കമ്പനി ടാറ്റ സണ്‍സിന്റെ 52 ശതമാനം ഓഹരി കയ്യിലുള്ള സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റ്, സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റ് എന്നിവയില്‍ ട്രസ്റ്റി കൂടിയാണിദ്ദേഹം. ടാറ്റ സണ്‍സിന് ടാറ്റ കമ്പനികളിലുള്ള ഓഹരികളുടെ മൂല്യം 16.71 ലക്ഷം കോടി രൂപയാണ്.
ഓഗസ്റ്റില്‍ പുറത്തുവന്ന 2024 ലെ ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരം 7,900 കോടി രൂപയാണ് രത്തന്‍ ടാറ്റയുടെ ആസ്തി മൂല്യം. സമ്പത്തിന്റെ ഗണ്യമായൊരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നല്‍കണമെന്ന നിലപാടാണ് രത്തന്‍ ടാറ്റയ്ക്ക്.
എങ്കിലും അദ്ദേഹത്തിന്റെ വില്‍പത്രം സ്വകാര്യമാണ്.
രത്തന്‍ ടാറ്റയുടെ വ്യക്തിഗത നിക്ഷേപങ്ങള്‍ നടത്തിയിരിക്കുന്നത് ആര്‍ടിഎന്‍ അസോസിയേറ്റ് വഴിയാണ്. 2023 ലെ കണക്ക് അനുസരിച്ച് 296.96 കോടി രൂപയുടെ ആസ്തി കമ്പനിക്കുണ്ട്. 186 കോടി രൂപയുടെ നിക്ഷേപങ്ങളും 77.88 കോടി രൂപ പണമായും കമ്പനിയുടെ പക്കലുണ്ട്.
Discussion about this post